പശ്ചിമഘട്ട സംരക്ഷണം കേരളത്തിന് അനിവാര്യം; സുനിത നരെയ്ൻ

ഇനിയൊരു പ്രളയത്തിന് കേരളം സാക്ഷിയാകാതിരിക്കണമെങ്കില്‍ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം അനിവാര്യമാണെന്ന് പരിസ്ഥിതിപ്രവര്‍ത്തക സുനിത നരെയ്ന്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമാവലി തയാറാക്കണം. കേരളത്തില്‍ ഡാം മാനേജ്മെന്റിന് പ്രത്യേക പദ്ധതി വേണമെന്നും സുനിത നരെയ്ന്‍ മനോരമന്യൂസിനോട് പറഞ്ഞു. ഓഗസ്റ്റിലെ ആദ്യ പന്ത്രണ്ട് ദിവസങ്ങളില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ മഴ ലഭിച്ച ആയിരം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് പറയുന്നു. 

പശ്ചിമഘട്ടത്തില്‍ അണക്കെട്ടുകളുടെ അതിപ്രസരമാണ്. അണക്കെട്ടുകളാല്‍ നിറഞ്ഞ ഈ മേഖലയില്‍ ശക്തമായ മഴ പെയ്താല്‍ അത് മഹാപ്രളയമായി മാറും. അതിനാല്‍ അണക്കെട്ടുകളുടെ നടത്തിപ്പിന് സര്‍ക്കാരുകള്‍ പ്രത്യേക പദ്ധതി തയാറാക്കിയേ മതിയാകു. മണ്ണിടിച്ചില്‍ തടയാന്‍ വനങ്ങളുടെ സംരക്ഷണവും പ്രധാനമാണ്. ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഖനനത്തിനും നിയന്ത്രണം വേണം. പശ്ചിമഘട്ടത്തിന്റെ ആകെ സംരക്ഷണമാണ് പ്രളയം തടയാനുള്ള ഏക പോംവഴിയെന്നും പരിസ്ഥിതി പ്രവര്‍ത്തക സുനിത നരെയ്ന്‍ മനോരമന്യൂസിനോട് പറഞ്ഞു. 

ഒരു ദിവസം 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്താല്‍ അതിനെ കനത്ത മഴ ലഭിച്ച സംഭവമായി രേഖപ്പെടുത്തും. ഓഗസ്റ്റിലെ ആദ്യ പന്ത്രണ്ട് ദിനങ്ങളില്‍ മാത്രം രാജ്യം സാക്ഷ്യംവഹിച്ചത് അത്തരത്തില്‍ ആയിരം സംഭവങ്ങള്‍ക്കാണെന്നും സി.എസ്.ഇയുടെ പഠനറിപ്പോര്‍ട്ട് പറയുന്നു. കാലാവസ്ഥ വ്യതിയാനം മഴയുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റം കൊണ്ടാണിതെന്നുമാണ് കണ്ടെത്തല്‍. തുടരെ തുടരെ പ്രളയത്തെ നേരിട്ട കേരളം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍ തയാറെടുപ്പും പ്രവചനവുമാണെന്നും സുനിത നാരെയ്ന്‍ പറയുന്നു.