നിരാശപ്പെടരുത്; ചാന്ദ്രയാൻ 3 അടുത്ത ജൂണിൽ; ഇസ്രോക്ക് പത്തുവയസ്സുകാരന്റെ കത്ത്

അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും ചാന്ദ്രയാൻ രണ്ടിന്റെ 95 ശതമാനം വിജയത്തിൽ അഭിമാനം കൊള്ളുകയാണ് ഇന്ത്യയൊന്നാകെ. രാജ്യം മുഴുവൻ ഐഎസ്ആർഒയെ ആശ്വസിപ്പിച്ചും അഭിനന്ദിച്ചും ഒപ്പമുണ്ട്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയും ഇസ്രോയെ അഭിനന്ദിച്ച് രംഗത്തെത്തി. അതിനിടെ ഒരു പത്തുവയസ്സുകാരന്റെ കത്ത് ചർച്ച ചെയ്യുകയാണ് സോഷ്യൽ ലോകം. 

ആഞ്ജനേയ കൗലിന്റെ അമ്മയാണ് മകൻ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചും ആത്മവിശ്വാസം പകർന്നുമാണ് പത്തുവയസ്സുകാരന്റെ കത്ത്. ആഹ്ലാദവാനായ ഒരിന്ത്യക്കാരന്റെ വികാരങ്ങൾ എന്ന തലക്കെട്ടിലാണ് കത്ത്. 

''ഇത്ര പെട്ടെന്ന് നിരാശരാകരുത്. നാം ഉറപ്പായും ചന്ദ്രനിലെത്തുക തന്നെ ചെയ്യും. നമ്മുടെ അടുത്ത ദൗത്യം ചാന്ദ്രയാന്‍ 3, അടുത്ത മൂന്നിന് വിക്ഷേപിക്കണം. ഓർബിറ്റർ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് മറക്കരുത്, അത് നമുക്ക് ചിത്രങ്ങളയച്ചുകൊണ്ടേയിരിക്കും. ആ ചിത്രങ്ങളിലാണ് ഇനി ശ്രദ്ധ വേണ്ടത്. 

''എവിടെ പോകണമെന്ന് ആ ചിത്രങ്ങൾ നമുക്ക് പറഞ്ഞുതരും. ചിലപ്പോൾ വിക്രം ലാന്‍ഡ് ചെയ്തിട്ടുണ്ടാകാം. ഗ്രാഫിക്കൽ ബാന്‍ഡുകളും മറ്റും അയക്കാൻ തയ്യാറെടുക്കുകയാകാം. അങ്ങനെയെങ്കിൽ വിജയം നമ്മുടെ കയ്യിൽ തന്നെയാകും.

''ഐഎസ്ആർഒ ശാസ്ത്രജ്ഞർ വരും തലമുറയിലെ കുട്ടികൾക്കുൾപ്പെടെ പ്രചോദനമാണ്. ഇസ്രോ, നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്. ആഹ്ലാദഭരിതനായ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ നന്ദി അറിയിക്കുന്നു. ജയ് ഹിന്ദ്.

കത്തിന് സോഷ്യല്‍ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.