ജെയ്ഷയിൽ മുങ്ങൽ വിദഗ്ധരും;കടൽ വഴി ആക്രമണ നീക്കം;സജീവമെന്ന് നാവികസേന

ഇന്ത്യയിൽ വീണ്ടുമൊരു ഭീകരാക്രമണ ഭീഷണി ഉയർന്നിട്ട് ഏതാനും ദിവസങ്ങളായി. ജെയ്ഷ മുഹമ്മദ് ഭീകരർ ഇത്തവണ കര മാർഗമായിരിക്കില്ല സ്വീകരിക്കുന്നതെന്ന് നാവികസേനയ്ക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദരായ ചാവേറുകള്‍ സമുദ്രത്തിനടയില്‍ കൂടി എങ്ങനെ ആക്രമണം നടത്താമെന്ന പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. പുൽവാ ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണരീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനമാണ് ജെയ്ഷ ഭീകർക്ക് നൽകുന്നതെന്നും നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ് വെളിപ്പെടുത്തി. 

കടൽവഴിയുള്ള ഏത് തരം ആക്രമണത്തെ നേരിടാനും ഇന്ത്യൻ നാവികസേന സുസജ്ജമാണെന്നും കരംബിർ സിങ് വ്യക്തമാക്കി.  പുണെയില്‍ നടന്ന ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഭീകരവാദത്തിന്റെ മാറിയ മുഖമാണ് ജെയ്ഷ ഈ ആക്രമണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഏത് തരത്തിലുള്ള ആക്രമണത്തെയും നാവിക സേന പരാജയപ്പെടുത്തുമെന്നും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും കരംബിർ സിങ് അറിയിച്ചു.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സമുദ്രതീരമേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന, സംസ്ഥാന സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവ ചേര്‍ന്ന സംവിധാനമാണിത്. കടല്‍വഴിയുള്ള നുഴഞ്ഞുകയറ്റമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.