ഹിമാലയത്തിലെ നിഗൂഢ അസ്ഥികൂട തടാകം; വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്

വർഷങ്ങളായി ദുരൂഹത നിറഞ്ഞുനിന്നിരുന്ന ഒരു തടാകം. 1940 കളിലാണ് ഹിമാലയ സാനുക്കളിലെ അസ്ഥികൾ നിറഞ്ഞ നിഗൂഢ തടാകമായ രൂപ്‍കുണ്ഡ് പുറം ലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്. പിന്നീട് ഗവേഷകർ ഇതിന് പിന്നിലെ സത്യം കണ്ടെത്താൻ പലകുറി ശ്രമിച്ചു. ഉത്തരാഖണ്ഡിലെ ഗഡ്വാളിലാണ് ഈ തടാകം. സമുദ്രനിരപ്പില്‍ നിന്നും  5029 മീറ്റര്‍ (16,470 അടി) ഉയരത്തില്‍ മലമടക്കുകളിലാണിത്. ഇൗ സ്ഥലത്തെ എങ്ങനെയാണ് ഇത്രത്തോളം അസ്ഥികൂടങ്ങൾ വന്നത് എന്നത് എല്ലാവരെയും കുഴക്കി. ഇപ്പോഴിതാ  ‘നേച്ചർ കമ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച രാജ്യാന്തര ഗവേഷകരുടെ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് മെഡിറ്ററേനിയൻ ജനത ഇന്ത്യയിലെത്തിയിരുന്നുവെന്നതിന്റെ തെളിവു കൂടിയാകുകയാണ് ഈ പഠനം.

അന്ന് നൂറുകണക്കിന് അസ്ഥികൂടങ്ങളാണ് ഈ തടാകത്തില്‍ നിന്നു കണ്ടെത്തിയത്. അഞ്ഞൂറിലേറെപ്പേരുടെ അസ്ഥികൾ ഈ തടാകത്തിലുണ്ടെന്നാണ് അനുമാനം. തടാകത്തിലെ മഞ്ഞ് ഭാഗികമായി ഉരുകുമ്പോൾ മാത്രമാണ് ഈ അസ്ഥികൾ ദൃശ്യമാകുന്നതും. ഇതിന് ഗവേഷകർ കണ്ടെത്തിയ നിഗമനങ്ങൾ ഇങ്ങനെ. 

ഉത്തരാഖണ്ഡിലെ നന്ദാദേവിയിലേക്ക് ഏഴാംനൂറ്റാണ്ട് മുതൽ ചിലർ എത്തിയിരുന്നുവെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇവിടെ കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ പരിശോധനാഫലം വെളിപ്പെടുത്തുന്നത് ലോകത്തിന്റെ പലഭാഗങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചവർ ഇവിടെ എത്തിയെന്നതാണ്. ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിന്നും പതിനേഴാം നൂറ്റാണ്ട് മുതല്‍ വിദേശത്തുനിന്നും ഇവിടെ ആൾക്കാർ എത്തിയിരുന്നതായാണ് രൂപ്‍കുണ്ഡ് തടാകത്തിൽനിന്നു ശേഖരിച്ച അസ്ഥികൂടങ്ങളുടെ ഡിഎൻഎ, കാർബൺ ഡേറ്റിങ് പരിശോധന വ്യക്തമാക്കുന്നത്. 

220 വർഷങ്ങൾക്കു മുൻപും ഗ്രീസ്, ക്രീറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നടക്കം പൂർവ മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്നു സഞ്ചാരികൾ ഇവിടെ എത്തിയിരുന്നതായി ഹാർവഡ് സർവകലാശാലയിൽ എവല്യൂഷണറി ബയോളജിയില്‍ പിഎച്ച്ഡി വിദ്യാർത്ഥിയായ എഡ്വോയിൻ ഹാർണിയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണം സൂചിപ്പിക്കുന്നു.  38 അസ്ഥികൂടങ്ങളിൽ‌ 23 എണ്ണത്തിന് ഇന്ത്യയിലുള്ളവരുമായി ബന്ധം കണ്ടെത്താനായെങ്കിലും ഇവർ തന്നെ ഇന്ത്യയിലെ ഒരേ പ്രദേശത്തോ ഒരേ കാലയളവിലോ ജീവിച്ചിരുന്നവരല്ലെന്നും പഠനത്തിൽ തെളിഞ്ഞു. 

ഇതിനൊപ്പം ഒട്ടേറെ കഥകളും ഇതുവരെ പ്രചാരണത്തിലുണ്ടായിരുന്നു. 1841ൽ ഒരു യുദ്ധത്തിന് ശേഷം മടങ്ങുകയായിരുന്ന ജാപ്പനീസ് സൈനികർ വഴിതെറ്റി തടാകക്കരയിൽ എത്തിയെന്നും ഇവിടെ വച്ച് കൊല്ലപ്പെട്ടുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു കഥ. ഹിമാലയ തീർത്ഥാടനത്തിന് പോയ കനൗജിലെ രാജാവായ ജസ്ദാവലിനെയും രാജ്ഞിയേയും സംഘത്തെയും തന്റെ പരിസരങ്ങൾ അശുദ്ധമാക്കിയതിൽ കോപിച്ച് നന്ദാദേവി പർവതം ആലിപ്പഴം വർഷിച്ച് കൊന്നൊടുക്കിയത് ഈ തടാകത്തിലാണെന്നാണ് മറ്റൊരു വിശ്വാസം.