അയിത്തം വഴിയടച്ചു; മൃതദേഹം പാലത്തിൽ നിന്ന് കയറിൽ കെട്ടിയിറക്കി

ശ്മശാനത്തിലേക്കുള്ള പൊതുവഴി മേൽജാതിക്കാർ കൈയ്യേറിയതിനാൽ,, മൃതദേഹം 20 അടി ഉയരമുള്ള പാലത്തിൽ നിന്നു  പുഴയിലേക്കു കെട്ടിയിറക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തമിഴ്നാട് വെല്ലൂർ ജില്ലയിലെ നാരായണപുരം ഗ്രാമത്തില്‍ നടന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

മനസാക്ഷിയെ നടുക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈദൃശ്യങ്ങള്‍. ദളിതനായതിനാല്‍ അന്തസായി ജീവിക്കാന്‍ അനുവദിക്കാത്തവര്‍ മരണത്തെപോലും വെറുതെ വിടില്ലെന്നതിന്റെ തെളിവ്. പാലാറിന്റെ കരയിലാണ് നാരായണപുരത്തെ ദളിതര്‍ തലമുറകളായി ശവസംസ്കാരം നടത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പാലം കഴിഞ്ഞുള്ള റോഡരികിലെ തോട്ടങ്ങള്‍  ഉയര്‍ന്നജാതിക്കാരായ വണ്ണിയര്‍ , വെള്ളാള കൗണ്ടര്‍ ജാതിക്കാര്‍ വാങ്ങികൂട്ടി. റോഡിലൂടെ മൃതദേഹം കൊണ്ടുപോയാല്‍ തീണ്ടുമെന്ന വാദമുന്നയിച്ചു സംസ്കാരങ്ങള്‍ തടഞ്ഞു. കഴിഞ്ഞ ദിവസം മരിച്ച കുപ്പന്റെ മൃതദേഹമാണ് ഗതന്ത്യരമില്ലാതെ പാലത്തില്‍ നിന്ന് പുഴയിലേക്കു കെട്ടിയിറക്കിയത്.വന്‍ പ്രതിഷേധമുയര്‍ന്നതോടെ ദളിതര്‍ക്കു ശ്മശാനത്തിനായി അരയേക്കര്‍ ഭൂമി അനുവദിച്ചു സര്‍ക്കാര്‍ തടിയൂരി.

സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തിങ്കളാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വെല്ലൂര്‍ കലക്ടര്‍ക്കു കോടതി നിര്‍ദേശം നല്‍കി.എന്നാല്‍ മൃതദേഹത്തെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഇതുവരെ പൊലിസ് തയാറായിട്ടില്ല