പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ സന്തോഷിക്കുന്നവര്‍; ഈ പാക് അഭയാര്‍ത്ഥികള്‍

ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി എടുത്തുകളഞ്ഞതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പാക്് അഭയാര്‍ഥികളാണ്. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍നിന്നും പാക് അധിനിവേശ കശ്മീരില്‍നിന്നും വിവിധ കലാപങ്ങളുടെ ഇരകളായി അഭയം തേടിയെത്തിയ ലക്ഷക്കണക്കിന് പേരാണ് ജമ്മുവിലുള്ളത്.  പ്രത്യേക ഭരണഘടനാപദവി ഇല്ലാതാകുന്നതോടെ ഒരു സാധാരണ പൗരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ഓര്‍മകള്‍ മങ്ങിത്തുടങ്ങിയെങ്കിലും എഴുപത്തിയാറുകാരനായ അമര്‍നാഥ് സുധന്‍ ഇപ്പോഴും തെളിച്ചത്തോടെ പറയും, എഴുപത് വര്‍ഷം മുമ്പ് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ജന്മനാട്ടില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നതിനെക്കുറിച്ച്. വര്‍ഗീയ ഭ്രാന്തിന്‍റെ ഇരയായി ഉറ്റവര്‍ കൊലചെയ്യപ്പെട്ടതിനെക്കുറിച്ചും.

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പം അമര്‍നാഥ് താമസിക്കുന്നത് ഒരു അടിസ്ഥാന സൗകര്യവുമില്ലാത്ത ഈ താല്‍ക്കാലിക വീട്ടിലാണ്. സ്വന്തമായി ഭൂമിയില്ല.  വീടില്ല. ആകെയുണ്ടായിരുന്ന റേഷന്‍ കാര്‍ഡ് ജമ്മു കശ്മീര്‍ നിവാസിയല്ലെന്ന കാരണം പറഞ്ഞ് റദ്ദാക്കി. കാരണം പ്രത്യേക ഭരണഘടന പദവി പ്രകാരം ഇതൊന്നും അനുഭവിക്കാന്‍ സംസ്ഥാനത്തിന് പുറത്ത് ജനിച്ച അമര്‍നാഥിനും കുടുംബത്തിനും അവകാശമില്ല. 

പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370ഉം 35 എയും ഇല്ലാതാകുന്നതോടെ ഇത്രയും കാലം അഭയാര്‍ഥികളായി മാത്രം കണ്ടിരുന്ന നിയമം യഥാര്‍ഥ പൗരന്മാരായി കാണുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് സമാനമായ ആശ്വാസം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.