പ്രത്യേക പദവി നഷ്ടമായെങ്കിലും കശ്മീരിന്‍റെ തനിമയ്ക്ക് കോട്ടം വരില്ല; സത്യപാല്‍ മലിക്

പ്രത്യേക പദവി നഷ്ടമായെങ്കിലും കശ്മീരിന്‍റെ തനിമയ്ക്ക് ഒരുകോട്ടവും വരുത്തില്ലെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്. കനത്ത സുരക്ഷയിലാണ് ജമ്മുകശ്മീരില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. അതിനിടെ കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ചൈനയും ആവശ്യപ്പെട്ടു.

പ്രത്യേക പദവി എടുത്തുകളഞ്ഞശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷം ജമ്മുകശ്മീരില്‍ സുരക്ഷയുടെ ഉരുക്ക് കോട്ടയ്ക്കകത്തായിരുന്നു. ശ്രീനഗറിലെ ഷേര്‍–ഇ–കശ്മീര്‍ (ഷേരീ കശ്മീര്‍) സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്ക് ദേശീയപതാക ഉയര്‍ത്തി. അതിര്‍ത്തി രക്ഷാസേനയുടെ വനിത മുഖമായ അസിസ്റ്റനന്‍റ് കമന്‍ഡാന്‍റ് തനുശ്രീ പരീഖ് നയിച്ച ബിഎസ്എഫ് സംഘത്തിന്‍റെ പരേഡും നടന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞത് വികസനത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തിയിട്ടില്ല. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു. ജമ്മുവില്‍ ഗവര്‍ണറുടെ ഉപദേഷ്ടാവ് സ്വാതന്ത്ര്യദിനാഘോഷത്തിന് നേതൃത്വം നല്‍കി. പ്രത്യേക പദവി എടുത്തുകളയേണ്ടതിന്‍റെ ആവശ്യകത കശ്മീരിലെ ഒാരോ വീടുകളിലും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്ന പരിപാടി ഉടന്‍ ആരംഭിക്കും. അതിനിടെ, കശ്മീര്‍ വിഷയം ഇന്ത്യയുടെ പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അനൗപചാരികമായി ചര്‍ച്ചയ്ക്കെടുക്കണമെന്ന ആവശ്യം ചൈന മുന്നോട്ടുവെച്ചു. ചര്‍ച്ച ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ യുഎന്‍ രക്ഷാസമിതി അധ്യക്ഷനും അംഗരാജ്യങ്ങള്‍ക്കും കത്ത് നല്‍കിയിരുന്നു. ഹോങ്കോങ് പ്രക്ഷോഭം യുഎന്‍ രക്ഷാസമിതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് കശ്മീര്‍ ഉയര്‍ത്തി ചൈന മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.