ഇരുപത് വര്‍ഷമായി ഫയലില്‍ ഉറങ്ങിക്കിടന്ന ശുപാര്‍ശ; ഒടുവിൽ സിഡിഎസ് യാഥാര്‍ഥ്യമാകുന്നു

ഇരുപത് വര്‍ഷമായി ഫയലില്‍ ഉറങ്ങിക്കിടക്കുന്ന ശുപാര്‍ശയാണ് സൈന്യത്തിന് ഒരു മേധാവി എന്ന പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ ഏകോപനമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്‍റെ മുഖ്യചുമതല എന്നാണ് വിലയിരുത്തല്‍.  

കര, നാവിക, വ്യോമ സേനാമേധാവികളുടെ തലപ്പത്താണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അഥവാ സി.ഡി.എസ്. മൂന്ന് സേനകളെയും ഏകോപിപ്പിക്കുന്നതും സേനകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നതും സി.ഡി.എസ് ആയിരിക്കും. എന്നാല്‍, സി.ഡി.എസ് സൂപ്പര്‍ ചീഫാകുമെന്ന ആശങ്കയ്‍ക്ക് അടിസ്ഥാനമില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍.പ്രസന്നന്‍ പറഞ്ഞു. 

അടുത്തവര്‍ഷം വിരമിക്കാനിരിക്കുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആകുമെന്നും റിപ്പോര്‍ട്ടുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം രൂപീകരിച്ച കെ.സുബ്രഹ്മണ്യന്‍ സമിതിയാണ് സി.ഡി.എസിനെ നിയമിക്കണമെന്ന് ആദ്യം ശുപാര്‍ശ ചെയ്തത്. എന്നാല്‍ കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല. നിലവില്‍ മൂന്ന് സേനാമേധാവിമാര്‍ ഉള്‍പ്പെട്ട ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുണ്ട്. മൂന്ന് സേനാമേധാവിമാരില്‍ മുതിര്‍ന്നയാളാണ് ഇതിന്റെ ചെയര്‍മാന്‍. സി.ഡി.എസിനെ നിയമിക്കുന്നതിനോട് വ്യോമസേനയ്‍ക്ക് നേരത്തെ എതിര്‍പ്പുണ്ടായിരുന്നു. കോണ്‍ഗ്രസടക്കമുള്ള പല കക്ഷികളുടെയും വിയോജിപ്പും പുതിയ പദവിയില്‍ തീരുമാനം വൈകിപ്പിച്ചു.