370 റദ്ദാക്കിയതിനെ തുണച്ച് കശ്മീരി പെണ്‍കുട്ടിയുടെ വിഡിയോ; കെട്ടിച്ചമച്ചതെന്ന് വാദം; വിവാദം

കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അനുകൂലിച്ച് കശ്മീരിലെ ഒരു പെൺകുട്ടി. കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അനുകൂലിച്ചുകൊണ്ടാണ് യാന മിർചാന്ദിനി എന്ന പെൺകുട്ടി ട്വിറ്റർ വിഡിയോ ചെയ്തത്. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവാണ് പെണ്‍കുട്ടിയുടെ വിഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മോദി സർക്കാരിന്റെ തീരുമാനം വളരെ നല്ലതാണെന്നും വിദ്യാഭ്യാസപരമായും തൊഴിൽപരമായും കശ്മീരിന് നേട്ടമുണ്ടാകുമെന്നും പെൺകുട്ടി പറയുന്നു. 

തല ഷോൾ കൊണ്ട് മറച്ച്  'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ഈ വിഡിയോ കെട്ടിചമച്ചതാണെന്നും ബിജെപിയുടെ വ്യാജപ്രചരണത്തിന്റെ ഭാഗമാണെന്നും രാം മാധവിന്റെ ട്വീറ്റിന് താഴെ രോഷ കമന്റുകൾ നിറഞ്ഞു. ഈ പെണ്‍കുട്ടി കശ്മീരി മുസ്ലീം അല്ലെന്നും വ്യാജയാണെന്നുമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.  കൂടുതൽ അന്വേഷണത്തിൽ വിഡിയോ കശ്മീരി പെൺകുട്ടിയുടേത് തന്നെയാണ് തെളിഞ്ഞു. 'Suhani Yana Mirchandani' എന്നാണ് പെണ്‍കുട്ടിയുടെ യഥാർഥ നാമം. ആറുമാസം മുൻപാണ് ട്വിറ്റർ അക്കൗണ്ട് തുറന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മിർചാന്ദിനിയുടെ പൂർവികർ സിന്ധിൽ നിന്ന് കശ്മീരിേലക്ക് എത്തിയവരാണ്. മിർചാന്ദിനി ജനിച്ചത് കശ്മീരിലെ സോനാമാർഗിലാണ്. എന്നാൽ വർഷങ്ങളായി വിദേശത്താണ് താമസം. ഇവരുടെ നിരവധി കുടുംബാംഗങ്ങൾ ഇപ്പോഴും കശ്മീരിൽ തന്നെയുണ്ടെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു.