‘കശ്മീരിൽ ഇന്ത്യൻ സൈന്യം ചെയ്യുന്നത്’; വ്യാജ ചിത്രം പ്രചരിപ്പിച്ച് പാക് മാധ്യമപ്രവർത്തകൻ; രോഷം

ഇന്ത്യ കശ്മീരിൽ സ്വീകരിച്ച നിലപാട് അന്താരാഷ്ട്രതലത്തിൽ സജീവചർച്ചയാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. ഇതിനായി വ്യാജആരോപണങ്ങളും ചിത്രങ്ങളും അടക്കം പ്രചരിക്കുകയാണ് ചിലർ. പാക് മാധ്യമപ്രവർത്തകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇതിന് ഉദാഹരണമാണ്. ഇന്ത്യൻ ൈസന്യം അതിക്രൂരമായി കശ്മീരികളെ കൊല്ലുകയാണെന്ന് കുറിച്ചാണ് അമീര്‍ അബ്ബാസ് എന്ന പാക് മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ ചിത്രങ്ങളടക്കം കുറിപ്പിട്ടിരിക്കുന്നത്.

പാക്കിസ്ഥാനിലെ ബോല്‍ നെറ്റ്‍വര്‍ക്കില്‍ അവതാരകനായ അമീര്‍ അബ്ബാസ് പങ്കുവച്ച ചിത്രങ്ങൾ ഏറെ ഭീതിയുണ്ടാക്കുന്നതാണ്. ഇയാളുടെ ട്വീറ്റ് ഒട്ടേറെ പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇൗ ചിത്രങ്ങൾ വ്യാജമാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇൗ ചിത്രം കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയുടേതല്ലെന്നും ഒരു ചിത്രം  ഗാസയിലേതാണ്. മറ്റൊന്ന് 15 വര്‍ഷം മുൻപുള്ളതും. ഇൗ ചിത്രങ്ങളാണ് കശ്മീരിൽ ഇപ്പോൾ സംഭവിക്കുന്നതെന്ന വ്യാജേന ഇയാൾ പങ്കുവച്ചിരിക്കുന്നത്.  ഇതിന് പിന്നാലെ സത്യം വെളിപ്പെടുത്തി ഒട്ടേറെ പേരാണ് മറുപടിയുമായി എത്തിയത്. എന്നിട്ടും ട്വീറ്റ് പിൻവലിക്കാൻ ഇയാൾ തയാറായിട്ടില്ല.