അവസാന ഭ്രമണപഥം ഉയർത്തലും വിജയിച്ചു; ഇനി ചന്ദ്രനിൽ ഇറങ്ങുന്ന ദിനം; കാത്തിരിപ്പ്

ഇന്ത്യയുടെ ചാന്ദ്രഗവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 3:04 നാണ് അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയത്തിലെത്തിയത്. 17 മിനുട്ട് 35 സെക്കൻഡ്  നേരത്തേക്ക് പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. 

ഭൂമിയിൽ  നിന്ന് ഏറ്റവും അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 1,42,975 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ഇനി ചന്ദ്രനിലേക്കുള്ള യാത്രയാണ്. ഓഗസ്റ്റ് 14നാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങുക.  ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്.