ടോയ്‌ലെറ്റിൽ ഭക്ഷണം പാകം ചെയ്യുന്നതിന് എന്താണ് കുഴപ്പം? മറ മതിയെന്ന് മന്ത്രി; പ്രതിഷേധം

ടോയ്‌ലെറ്റ്  അടുക്കളയായി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്ന്  മധ്യപ്രദേശ് മന്ത്രി ഇമാർതി ദേവി. അങ്കണവാടിയിലെ കുട്ടികൾക്ക് നൽകാനുള്ള ഭക്ഷണം ടോയ്‌ലെറ്റിനുള്ളിൽ വച്ച് പാചകം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് ഇമാർതി.

ശിവ്പുരി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രമായി കൂടി പ്രവർത്തിച്ചിരുന്ന അങ്കണവാടിയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം ടോയ്‌ലെറ്റിനുള്ളിൽ വച്ച് പാചകം ചെയ്ത് വന്നിരുന്നത്.  ടോയ്‌ലെറ്റ് സീറ്റിലാണ് അങ്കണവാടി ജീവനക്കാർ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ സൂക്ഷിച്ചിരുന്നത്. ഗ്യാസ് സിലിണ്ടറും സ്റ്റൗവും അതിനുള്ളിൽ വച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ടോയ്‌ലെറ്റിന്റെ സീറ്റിൽ പാത്രങ്ങൾ വയ്ക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. വീടിനുള്ളിൽ നമ്മൾ വയ്ക്കാറില്ലേ എന്നും മന്ത്രി ചോദിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അങ്കണവാടിയിലെ ടോയ്‌ലെറ്റിനും ഭക്ഷണം പാകം ചെയ്തിരുന്ന സ്ഥലത്തിനും തമ്മിൽ ഒരു മറയുണ്ടായിരുന്നുവെന്നും അത് തന്നെ ധാരാളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വീടുകളോട് ചേർന്നും വീടിനുള്ളിലും  ശുചിമുറികൾ പണിയാമെങ്കിൽ അവിടെ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിന് എന്താണ് കുഴപ്പമെന്നും മാധ്യമപ്രവർത്തകരോട് അവർ ചോദിച്ചു. വീട്ടിനുള്ളിൽ ടോയ് ലറ്റുള്ളതിനാൽ ഭക്ഷണം കഴിക്കാതെ ബന്ധുക്കൾ മടങ്ങിപ്പോകുന്നില്ലല്ലോയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നിരുത്തരവാദപരമായ വാക്കുകൾക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഗ്രാമങ്ങളിലെ അടിസ്ഥാന ആരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കേണ്ട ചുമതലയാണ് അങ്കണവാടികൾക്കുള്ളത്. അഞ്ച് വയസിന് താഴം പ്രായമുള്ള എട്ട് ലക്ഷത്തോളം കുട്ടികളാണ് എല്ലാ വർഷവും ഡയേറിയ കാരണം മരിക്കുന്നതെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്.

അതേസമയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് സർക്കാർ അറിയിച്ചു. അങ്കണവാടി സൂപ്പർവൈസർക്കും ജോലിക്കാർക്കുെമതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസർ അറിയിച്ചു.