സംസാരിച്ച് തീർന്നില്ലെങ്കിൽ എങ്ങനെ തീർക്കണം എന്നറിയാം; കശ്മീരിനെക്കുറിച്ച് കേന്ദ്രമന്ത്രി

കശ്മീർ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും ലോകത്തെ ഒരു ശക്തിക്കും അത് തടയാനാകില്ലെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ സ്വർഗമായി മാത്രമല്ല, മറിച്ച് ലോകത്തിന്റെ സ്വർഗമായി കശ്മീരിനെ ഉയർത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

കശ്മീർ പ്രശ്നപരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞതിങ്ങനെ.  "സംസാരിച്ച് തീർന്നില്ലെങ്കിൽ എങ്ങിനെ തീർക്കണമെന്ന് അറിയാം," 

കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ കാശ്മീരിലെ നേതാക്കളോട് പലവട്ടം ഈ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"ജമ്മു കാശ്മീരിൽ അതിവേഗ വികസനവും പുരോഗതിയും കൈവരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ വിജയുടെ 20ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദ്രാസ് സെക്‌ടറിൽ സ്ഥാപിച്ച കാർഗിൽ യുദ്ധ സ്മാരകം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതിർത്തി മേഖലയിൽ നിർമ്മിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.