ചന്ദ്രയാൻ രണ്ടിന്റെ തകരാർ പരിഹരിച്ചു; വിക്ഷേപണം ഉടൻ

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെയ്ക്കാന്‍ കാരണായ സാങ്കേതിക തകരാര്‍ പരിഹരിച്ചു.  ക്രയോജനിക് എന്‍ജിനിലെ ഹിലിയം ചോര്‍ച്ച റോക്കറ്റും പേടകവും വിക്ഷേപണത്തറയില്‍ നിന്ന് മാറ്റാതെ തന്നെ പരിഹരിച്ചു. വിക്ഷേപണം ഉടന്‍ ഉണ്ടാകുമെന്ന് സൂചന.

വിക്ഷേപണത്തിനു 56 മിനിറ്റും 24 സെക്കന്റും ബാക്കി നില്‍ക്കെയാണ് തകരാര്‍ കണ്ടെത്തിയത്. ജി.എസ്.എല്‍ വി മാര്‍ക്ക് ത്രി റോക്കറ്റിലെ ക്രയോജനിക് എന്‍ജിനില്‍ ഹിലിയം ചോര്‍ച്ചയുണ്ടായി മര്‍ദവ്യതിയാനം വന്നതായിരുന്നു തകരാര്‍.  ഇന്ധനമായ  ദ്രവഹൈഡ്രജന്റെയും ഓക്സിജന്റെയും താപനില  വ്യത്യാസമില്ലാതെ നിലനിര്‍ത്താനാണ് ഹീലിയം ഉപയോഗിക്കുന്നത്. ഇന്ധനടാങ്കുകള്‍ക്കു ചുറ്റുമായി ഒന്‍പത് ഹീലിയം ടാങ്കുകള്‍ ഉണ്ട്.അതില്‍ ഒന്നിലെ മര്‍ദം ക്രമാതീതമായി കുറയുകയായിരുന്നു. പേടകവും റോക്കറ്റും  റോക്കറ്റ് അസംബ്ലിങ് യൂണിറ്റിലേക്ക് മാറ്റാതെ തന്നെ തകരാര്‍ പരിഹരിക്കാനും കഴിഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഉടന്‍ വിക്ഷേപണം നടത്താന്‍ ഐ.എസ്.ആര്‍.ഒ ആലോചിക്കുന്നത്.സോളര്‍ പാനലുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉള്ളതിനാല്‍ തന്നെ വിക്ഷേപണത്തിനു തെളിഞ്ഞ ആകാശം ആവശ്യമാണ്. ഈ മാസം മുപ്പതു വരെ വിന്‍ഡോ പിരിയഡ് എന്നറിയപെടുന്ന സമയമാണ്.ഇതിനുള്ളില്‍ വിക്ഷേപണം നടത്തി 

നേരത്തെനിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ ആറിനു തന്നെ പേടകം ചന്ദ്രനില്‍ ഇറക്കാനാണ് ആലോചന. ഇതിനായി പേടകത്തിന്റെ വേഗതയും ഭ്രമണപഥയാത്രയും ക്രമീകരിക്കും. ഇന്നോ നാളയോ വിക്ഷേപണം സംബന്ധിച്ചു ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ്  സൂചന.