അന്ന് യെഡിയൂരപ്പ ‘തടിയൂരപ്പ’യായി; ഇനി വിധാന്‍സൗധയിൽ താമര കയറുമോ?; ആകാംക്ഷ

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തിന്റെ കണ്ണുകൾ വീണ്ടും കർണാടകത്തേക്ക് കേന്ദ്രീകരിക്കുകയാണ്. സഖ്യ സർക്കാരിനെ എങ്ങനെയും താഴെയിറക്കി അധികാരത്തിലേറുക എന്ന ബിജെപിയുടെ നീണ്ട നാളത്തെ സ്വപ്നത്തിന് നിറം നൽകുന്നതാണ് ഇപ്പോഴത്തെ പുരോഗതികൾ.  കോൺഗ്രസ്– ദൾ സഖ്യത്തിലെ എംഎൽഎമാരുടെ കൂട്ടരാജിക്കു പിന്നാലെ സർക്കാർ രൂപീകരിക്കാൻ ബിജെപി തയാറെടുക്കുന്നതായി സൂചനകൾ പുറത്തുവരുന്നു. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയാണു സർക്കാർ രൂപീകരണത്തെപ്പറ്റി സൂചന നൽകിയത്. 11 എംഎൽഎമാർ ശനിയാഴ്ച സ്പീക്കർക്ക് രാജി നൽകിയതിനു പിന്നാലെയാണു ബിജെപി മറുനീക്കം ശക്തമാക്കിയത്. ‘ഗവർണർക്കാണു പരമാധികാരം. അദ്ദേഹം ക്ഷണിച്ചാൽ തീർച്ചയായും ‍ഞങ്ങൾ സർക്കാരുണ്ടാക്കും. 105 എംഎൽഎമാരുള്ള ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. പുതിയ സർക്കാരുണ്ടായാൽ ബി.എസ്.യെഡിയൂരപ്പയാകും മുഖ്യമന്ത്രി’ സദാനന്ദ ഗൗഡ മാധ്യമങ്ങളോടു പറഞ്ഞു.

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമർപ്പിച്ചത്. ഇവരെ അനുനയിപ്പിക്കാനായി മന്ത്രി ഡി.കെ.ശിവകുമാര്‍ വിധാന്‍സൗധയിൽ എത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയുന്നത്. സ്പീക്കര്‍ ഓഫിസില്‍ ഇല്ലായിരുന്നു. എംഎൽഎമാരുടെ രാജിക്കത്ത് കിട്ടിയതായി പിന്നീട് സ്പീക്കർ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി കുമാരസ്വാമി യുഎസ് സന്ദര്‍ശനത്തിലിരിക്കെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം മുന്നേറുന്നത്.

224 അംഗ നിയമസഭയിൽ 119 അംഗങ്ങളാണ് കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിനുള്ളത്. ഇതിൽ ആനന്ദ് സിങ്ങും രമേഷ് ജാർക്കിഹോളിയും നേരത്തെ രാജി സമർപ്പിച്ചിരുന്നു. ജാർക്കിഹോളിയുടേത് ഫാക്സ് സന്ദേശമായതിനാൽ നേരിട്ടെത്തി രാജി സ്വീകരിക്കണമെന്ന് സ്പീക്കർ നിർദേശിച്ചിരുന്നു. അതിനാൽ അദ്ദേഹവും ഇന്നത്തെ സംഘത്തിനൊപ്പം എത്തിയിരുന്നു. 105 പേരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കർണാടകത്തിൽ നടത്തിയ മുന്നേറ്റത്തിന്റെ തുടർച്ചയാണ് ബിജെപിക്ക് കരുത്താകുന്നത്. നിമയസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസും –ദൾ സഖ്യം അധികാരത്തിലേറുന്നത് ബിജെപിക്ക് നോക്കിയിരിക്കേണ്ടി വന്നു. അവസാന നിമിഷം വരെ നിലനിൽപ്പിനായി ശ്രമിച്ച യെഡിയൂരപ്പ ഭൂരിപക്ഷം തെളിയിക്കാതെ പടിയിറങ്ങേണ്ടി വന്നതും വലിയ നാണക്കേടുമായിട്ടാണ്. യെഡിയൂരപ്പയെ ‘തടിയൂരപ്പ’യാക്കി കുമാരസ്വാമി കന്നട മണ്ണ് പിടിച്ചെടുത്തിരുന്നു. വെറും മൂന്നുനാള്‍ മാത്രം കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി എന്ന നാണക്കേട് പേറിയാണ് മൂന്നുതവണ കന്നടമണ്ണ് ഭരിച്ച യെഡിയൂരപ്പ അന്ന് പടിയിറങ്ങിയത്. പുതിയ നീക്കങ്ങളുടെ വിളനിലം കൂടിയാവുകയാണ് കർണാടക.