മുംബൈ മുങ്ങുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?; കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

‘പ്രളയത്തില്‍ മുംബൈ ഇങ്ങനെ മുങ്ങുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? സാധാരണക്കാരനൊപ്പം നമ്മള്‍ തെരുവില്‍ ഉണ്ടാകണം. എന്നിട്ട് അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കണം. എങ്കില്‍ മാത്രമേ പാര്‍ട്ടി വളരൂ..’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. മുംബൈയിലെ പ്രളയത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടു. ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയപ്പോഴാണ് രാഹുല്‍ നേതാക്കളോട് ഇങ്ങനെ പറഞ്ഞത്. 

അതേ സമയം കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജി വച്ചതില്‍ നിന്നും പിന്നോട്ടില്ലെന്ന് രാഹുല്‍ ഉറപ്പിച്ച് പറയുകയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. അനുനയ നീക്കങ്ങളില്‍ പ്രതീക്ഷ വച്ചിരുന്ന മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ചുകൊണ്ടായിരുന്നു അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് രാഹുല്‍ പുറത്തുവിട്ടത്. പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതി യോഗം അടുത്തയാഴ്ച ചേരും. ഒരു സംഘം നേതാക്കള്‍ ചേര്‍ന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തും. യു.പി.എ അധ്യക്ഷയായി സോണിയാ ഗാന്ധിയും പാര്‍ലമെന്‍റംഗമായി രാഹുലും ഉത്തര്‍പ്രദേശിന്‍റെ ചുമതലയുമായി പ്രിയങ്കയും രംഗത്തുള്ളപ്പോള്‍ ഗാന്ധി കുടുംബത്തിനുള്ള കടിഞ്ഞാണ്‍ അതേപോലെ നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത.