ജഗന്‍ ‘പൊളിച്ചടുക്കുന്നു’; നായിഡുവിന്റെ വസതിയും പൊളിക്കാന്‍ നീക്കം; നോട്ടീസ് നല്‍കി

ആന്ധ്രയുടെ ഭരണമാറ്റത്തിന്റെ എല്ലാ അലകളും പ്രതിഫലിക്കുന്ന കാഴ്ചയാണ് എങ്ങും. പ്രതിപക്ഷത്തെ കേസുകള്‍ കൊണ്ട് വരിഞ്ഞുമുറുക്കുന്ന പഴയ അടവിനൊപ്പം ഉടനടി  നടപടി എന്ന നിലയിലേക്ക് ജഗന്‍ മാറുകയാണ്.  മുൻ ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എട്ടുകോടിയോളം രൂപ ചെലവഴിച്ചു പണികഴിപ്പിച്ച കോൺഫറൻസ് ഹാൾ‌ പൊളിച്ചു നീക്കിയതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിച്ചു നീക്കാൻ  ജഗൻ മോഹൻ റെഡ്‌ഡി സർക്കാരിന്റെ തീരുമാനം. അനധികൃത നിർമാണമാണെന്നു കണ്ടെത്തിയാൽ ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിച്ചു നീക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചന്ദ്രബാബു നായിഡുവിനോട് വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടിസ് നൽകുകയും ചെയ്തു.

എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനിയില്‍നിന്നും പാട്ടത്തിനെടുത്ത കെട്ടിടത്തിലാണ് നിലവില്‍ ചന്ദ്രബാബു നായിഡു താമസിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനു പിന്നാലെ കൃഷ്ണാ നദീ തീരത്തുള്ള വസതിയിലാണ് നായിഡു താമസിച്ചിരുന്നത്. കൃഷ്ണ നദിയിൽ നിന്ന് 100 മീറ്ററിനു താഴെ അകലത്തിൽ പണി കഴിപ്പിച്ചിരിക്കുന്ന 28 കെട്ടിടങ്ങൾക്കും അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നോട്ടിസ് നൽകിയതായി സർക്കാർ വ്യക്തമാക്കി. നിർമാണം അനധികൃതമെന്ന് കണ്ടെത്തിയാൽ പൊളിച്ചു നീക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നാണ് വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ നിലപാട്. നായിഡുവിന്റെ വസതി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ളതിനാൽ നടപടികൾ എളുപ്പമാകില്ലെന്ന വിലയിരുത്തലും ഉണ്ട്. 

മുഖ്യമന്ത്രിയായിരുന്ന സമയത്ത് താൻ ഉപയോഗിച്ചിരുന്ന പ്രജാവേദിക, പ്രതിപക്ഷനേതാവിന്റെ അനക്സ് ആയി ഉപയോഗിക്കാൻ അനുവദിക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ അപേക്ഷ തള്ളിയാണ് പ്രജാവേദിക ജഗൻ പൊളിച്ചത്. പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്. പ്രജാവേദിക പൊളിക്കാനുള്ള തീരുമാനം സ്വഭാവിക നടപടിക്രമം മാത്രമെന്നായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതികരണം. ഈ സർക്കാർ നിയമങ്ങളെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. ചട്ടവിരുദ്ധമായി കെട്ടിടം പണികഴിപ്പിച്ചാൽ അത് പൊളിച്ചു നീക്കുകയെന്നതു സ്വഭാവികമായ നടപടിക്രമം മാത്രമാണ്– ജഗൻ പ്രതികരിച്ചു.