നായിഡു എട്ടുകോടി മുടക്കിയ കെട്ടിടം; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ജഗന്‍; ഞെട്ടി ആന്ധ്ര

ഒരു ഇടവേളയ്ക്ക് ശേഷം അധികാരത്തിന്റെ ബലപ്രയോഗിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ആന്ധ്ര കാണിച്ചു തരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴകത്ത് ജയലളിത കാണിച്ച അതേ ചിത്രം ഇപ്പോള്‍ വൈ.എസ് ജഗന്‍മോഹന്‍ റെഢിയും ആവര്‍ത്തിക്കുന്നു. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു എട്ടുകോടിയോളം രൂപ ചെലവഴിച്ച് പണിത കെട്ടിടം പൊളിച്ചുനീക്കാനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയായ ജഗന്‍ ഉത്തരവിട്ടിരിക്കുന്നത്. ചാന്ദ്രബാബു നായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം പൊളിച്ചുനീക്കണമെന്നാണ് ഉത്തരവ്.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് നായിഡു ഉപയോഗിച്ചിരുന്ന പ്രജാവേദിക ഇപ്പോള്‍ പ്രതിപക്ഷ നേതാവായി ഇരിക്കുമ്പോഴും ഉപയോഗിക്കാന്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇൗ ആവശ്യം പരിഗണിക്കാന്‍ ജഗന്‍ തയാറായില്ല. നിയമാനുസൃതമല്ലാതെ പണിതിരിക്കുന്ന കെട്ടിടം സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു എന്നതാണ് ഇക്കാര്യത്തില്‍ ജഗന്‍ നല്‍കുന്ന വിശദീകരണം. ഒരു സാധാരണക്കാരന്‍ അനുമതി ഇല്ലാതെ നിര്‍മിച്ച കെട്ടിടം നിയമത്തിന്റെ വഴിക്ക് പൊളിച്ചുനീക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുന്‍പ് കരുണാനിധി പണികഴിപ്പിച്ച പുതിയ സെക്രട്ടേറിയറ്റ് മന്ദിരം അധികാരത്തിലേറിയ ജയലളിത ഒരു രാത്രി കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയാക്കിയിരുന്നു.