ജവാൻമാരുടെ കയ്യിൽ ചവിട്ടി മണ്ഡ‍പത്തിലേക്ക്; വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം; ഹൃദ്യം

50 ജവാൻമാർ മുട്ടുകുത്തി നിന്ന് കൈകൾ നിലത്തുവച്ച് അതില്‍ ചവിട്ടി നടത്തി ആ പെങ്ങളെ കല്ല്യാണമണ്ഡപത്തിലെത്തിച്ചു. സഹോദരൻ ചെയ്യേണ്ട എല്ലാ ചടങ്ങുകളും സഹോദരന്റെ സഹപ്രവർത്തകര്‍ ഭംഗിയായി നിർവഹിച്ചു. രാജ്യത്തിന്റെ മനസ് നിറയ്ക്കുന്ന കാഴ്ചയാണ് ഇൗ കല്ല്യാണപന്തൽ സമ്മാനിക്കുന്നത്.

ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടിലിൽ കൊല്ലപ്പെട്ട ഐഎഎഫ് ഗരുഡ് കമാൻഡോ ജ്യോതി പ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹമാണ് ജവാൻമാർ ഹൃദയം കൊണ്ട് നടത്തിയത്. സഹോദരി ശശികലയുടെ വിവാഹം ജ്യോതി പ്രകാശ് നിരാലയുടെ വലിയ സ്വപ്നമായിരുന്നു.

ശശികലയുടെ വിവാഹനിശ്ചയം അറിയിച്ച് ജ്യോതിയുടെ പിതാവ് എയർ ചീഫ് മാർഷലിനും ഗരുജ് കമാന്‍‌ഡോ യൂണിറ്റിനും ക്ഷണക്കത്ത് അയച്ചിരുന്നു. വിവാഹത്തിന് രണ്ടു ദിവസം മുൻപ് ഗരുഡ് യൂണിറ്റിലെ 50 കമാന്‍ഡോകൾ വീട്ടിലെത്തി. ജ്യോതി തങ്ങളുടെ സഹോദരനാണെന്നും അതിനാൽ ശശികലയുടെ വിവാഹത്തിന് എത്തേണ്ടത് തങ്ങളുടെ കടമയാണ് എന്നുമായിരുന്നു സഹപ്രവർത്തകർ അറിയിച്ചത്. രാജ്യം ഒപ്പമുള്ളതായി തോന്നുന്നുവെന്നും ഒരു മകനെ നഷ്ടപ്പെട്ടപ്പോൾ 50 മക്കളെ ലഭിച്ചു എന്നും ജ്യോതി പ്രകാശിന്റെ മാതാപിതാക്കൾ പറഞ്ഞു.

2017 നവംബറിലാണ് ജ്യോതി പ്രകാശ് വീരമൃത്യു വരിക്കുന്നത്. രണ്ടു ഭീകരരെ വധിച്ചശേഷം പരുക്കേറ്റ കമാൻഡോകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. 2018ൽ മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം ജ്യോതി പ്രകാശിന് ആദരം അർപ്പിച്ചിരുന്നു. ജ്യോതിയുടെ മാതാവ് മാലതി ദേവിയും ഭാര്യ സുഷമയുമാണ് രാഷ്ട്രപതിയിൽ‌ നിന്ന് അശോകചക്ര ഏറ്റുവാങ്ങിയത്. ബെംഗളൂരുവിൽ ലോക്കോ പൈലറ്റാണ് ശശികലയുടെ ഭർത്താവ് സുജിത് കുമാർ.