കേരളത്തിലെ എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; നാലു പേര്‍ മലയാളത്തില്‍ സത്യവാചകം ചൊല്ലി

കേരളത്തിലെ പത്തൊന്‍പത് എം.പിമാര്‍ ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. നാലു പേര്‍ മലയാളത്തില്‍ സത്യവാചകം ചൊല്ലി. മാതൃഭാഷയ്‍ക്ക് പകരം ഹിന്ദിയില്‍ സത്യവാചകം ചൊല്ലുന്നതിലെ അഭംഗി സോണിയാഗാന്ധി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന കേരളത്തിലെ എം.പിമാര്‍ ഭാഷ മാറ്റിപ്പിടിച്ചു. 

സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയ ശേഷം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുല്‍ഗാന്ധി ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കേരളത്തിലെ അംഗങ്ങള്‍ സത്യവാചകം ചൊല്ലുന്നതിന് തൊട്ടുമുന്‍പ് സഭയിലെത്തി. വയനാടിന്റെ എം.പിയായി ദൃഢപ്രതിജ്ഞയെടുത്ത് സത്യവാചകം ചൊല്ലി. 

കേരളത്തില്‍ നിന്നുള്ള പതിനാലു പേര്‍ ഇംഗ്ളീഷിലും നാലു പേര്‍ മലയാളത്തിലും സത്യവാചകം ചൊല്ലിയപ്പോള്‍ ഇടക്കാല സ്പീക്കറിന്റെ പാനലിലുള്ള കൊടിക്കുന്നില്‍ സുരേഷ് നേരത്തെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിക്ക് പകരം മാതൃഭാഷയായ മലയാളത്തില്‍ തന്നെ സത്യവാചകം ചൊല്ലാമായിരുന്നില്ലേയെന്ന് സോണിയഗാന്ധി അഭിപ്രായപ്പെട്ടതായി കൊടിക്കുന്നില്‍ പറഞ്ഞു. 

സോണിയയുടെ അതൃപ്തിയെ തുടര്‍ന്ന് ഹിന്ദിയില്‍ സത്യവാചകം ചൊല്ലാന്‍ തയാറെടുത്തിരുന്ന രാജ്മോഹന്‍ ഉണ്ണിത്താനും വി.കെ.ശ്രീകണ്ഠനും യഥാക്രമം മലയാളത്തിലേക്ക് മടങ്ങി. ഇവര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള ഏക ഇടത് അംഗം എ.എം.ആരിഫും എം.കെ.രാഘവനുമാണ് മലയാളത്തില്‍ സത്യവാചകം ചൊല്ലിയത്. ഗാലറിയിലിരുന്ന കുടുംബാംഗങ്ങളെ നോക്കിയ ശേഷമാണ് രമ്യ ഹരിദാസ് സത്യവാചകം ചൊല്ലിയത്. 

കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍ രാഹുലും ആരിഫും ദൃഢപ്രതിജ്ഞയെടുത്തപ്പോള്‍ ബാക്കിയുള്ളവര്‍ ദൈവനാമത്തില്‍ പ്രതിജ്ഞചൊല്ലി.