വിമതരെ അനുനയിപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്; അഴിച്ചുപണികൾ

കര്‍ണാടകയില്‍ മന്ത്രിസഭാവികസനത്തിനു മുന്നോടിയായി വിമതരെ അനുനയിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം‍. മന്ത്രിസഭാ വികസനത്തിനൊപ്പം, ഏകോപനസമിതിയിലും അഴിച്ചുപണിയുണ്ടാകണം എന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ശക്തമായതോടെയാണ് പുതിയ നീക്കങ്ങള്‍ ‍. അതേസമയം മന്ത്രിസഭാ വികസനത്തിന് കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഫോര്‍മുലയില്‍ ദളിന് പൂര്‍ണതൃപ്തിയില്ല

മന്ത്രിസഭാ വികസനം പതിനാലിലേയ്ക്ക് മാറ്റിവച്ചതോടെ വീണ്ടും കൂടിയാലോചനകള്‍ക്ക് സമയം ലഭിച്ച ആശ്വാസത്തിലാണ് കോണ്‍ഗ്രസ് ദള്‍ നേതൃത്വം. ദളിന്‍റെ വിഹിതമായ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ഇടഞ്ഞുനില്‍ക്കുന്ന സ്വതന്ത്രനും, ഒരു എം എല്‍ എമാത്രമുള്ള കെപിജെപിക്കും നല്‍കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇരുവരും നേരത്തെ സഖ്യത്തിനുള്ള പിന്തുണപിന്‍വലിച്ചിരുന്നു. എന്നാല്‍ ദള്‍ ദേശ്ിയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയ്ക്ക് പുതിയ ഫോര്‍മുല അത്ര ദഹിച്ചിട്ടില്ല. ഇതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജിവമായത്. അതേസമയം ഏകോപനസമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ നീക്കണമെന്നും , സംഘടനാതലത്തില്‍ അഴിച്ചുപണിവേണമെന്നുമുള്ള ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമായി. 

മുതിര്‍ന്ന നേതാവ് മല്ലികാര്ജുന്‍ ഘര്‍ഗേയെ അധ്യക്ഷനാക്കണമെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്നാല്‍ ഇട‍ഞ്ഞു നില്‍ക്കുന്നവരോട് മൗനം പാലിച്ചാല്‍ ഒരു വര്‍ഷത്തിനകം മന്ത്രിപദം നല്‍കാമെന്ന വാഗ്ദാനവുമായാണ് സിദ്ധരാമയ്യ തനിക്കെതിരെയുള്ള നീക്കങ്ങളെ ചെറുക്കാന്‍ ശ്രമം നടത്തുന്നത്. ഇതിനിടയില്‍  എച്ച് ഡി ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മുപ്പത്തിനാലംഗ മന്ത്രിസഭയില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളാണ് നികത്താനുള്ളത്.