യുപിയിൽ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം; മാർച്ച്

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. ഡല്‍ഹി സ്വദേശി പ്രശാന്ത് കനോജിയയാണ് ശനിയാഴ്ച അറസ്റ്റിലായത്. സംഭവത്തെ അപലപിച്ച്  മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. 

മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള യോഗി സര്‍ക്കാരിന്റെ നീക്കങ്ങളോടുള്ള പ്രതിഷേധമാണിത്, സഹപ്രവര്‍ത്തകന് നീതി ലഭിക്കാനുള്ള പോരാട്ടത്തിന് ഡല്‍ഹിയിലെ ചുട്ടുപ്പൊള്ളുന്ന വെയിലിനേക്കാള്‍ തീക്ഷണതയുണ്ട്. അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു . യോഗി ആദിത്യനാഥിനെ അപകീര്‍‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചുവെന്നാണ് പ്രശാന്തിനെതിരെയുള്ള കുറ്റം. ഐപിസി 500ാം വകുപ്പ് പ്രകാരം മാനഹാനി വരുത്തിയെന്നും ഐടി നിയമത്തിലെ 67ാം വകുപ്പ് പ്രകാരം ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീലവിവരങ്ങള്‍ പങ്കുവച്ചുവെന്ന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.  ഇതിനെതിരെ പ്രശാന്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. 

വിവാദ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച രണ്ട് പേരെയും വീഡിയോ സംപ്രേഷണം ചെയ്ത ഒരു പ്രാദേശികചാനലിന്റെ മേധാവിയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെയെണ്ണം അഞ്ചായി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അപ്രീതിക്കിരയായി ജയിലില്‍ പോകേണ്ടി വന്ന ഘോരക്പൂര്‍ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ ഖലീഫ് ഖാനും പ്രതിഷേധത്തില്‍ പങ്കെടുത്തു.