ട്രാവന്‍കൂര്‍ ഹൗസ് തിരികെ വേണം; ആവശ്യവുമായി രാജകുടുംബം

ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്‍റേയും കപൂര്‍ത്തല പ്ലോട്ടിന്‍റേയും ഉടമസ്ഥാവകാശം തിരികെ ലഭിക്കാന്‍ ഇടപെടലാവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. കേന്ദ്രം സംസ്ഥാനസര്‍ക്കാരിനു നോട്ടിസ് അയച്ചു. നിലവില്‍ ഡല്‍ഹി നഗര മധ്യത്തിലുള്ള പതിനഞ്ച് ഏക്കറോളം വരുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടേയും നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനാണ്. 

രാജ്യ തലസ്ഥാനത്തെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള ട്രാവന്‍കൂര്‍ഹൗസ് 8.195 ഏക്കറും കോപര്‍ നിക്കസ് മാര്‍ഗിലുള്ള കപൂര്‍ത്തല പ്ലോട്ട് 6.104 ഏക്കറുമാണ്. ഒന്നായി കിടന്ന ഭൂമി 1973 ലാണ് രണ്ടാകുന്നത്. തിരുവിതാംകൂര്‍ രാജാവിന്‍റെ വസതിയായിരുന്നു ട്രാവന്‍കൂര്‍ ഹൗസ്.  കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നിന്നുള്ള ഭൂമിയുടെ അവകാശം രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാന സര്‍ക്കാരിനു കൈമാറിയത്. നേരത്തെ കൊട്ടാരത്തിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയുടെ കൈവശകാശം മാത്രമാണ് സംസ്ഥാനസര്‍ക്കാരിനുള്ളതെന്നാണ് അവകാശവാദം. ഇക്കാര്യം ചൂണ്ടികാട്ടി കൊട്ടാരം പ്രതിനിധി ആദിത്യ വര്‍മയാണ് ദേശീയ ലാന്‍റ് ഡെവലപ്മെന്‍റ് ഓഫിസറെ സമീപിച്ചത്. 

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്. നിയമോപദേശത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിനു മറുപടി നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. അനുകൂലമല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ കൊട്ടാരം തീരുമാനിച്ചിട്ടുണ്ട്.