ജഗന് തുണയായി അഞ്ച് ഉപ മുഖ്യമന്ത്രിമാര്‍; ഇന്ത്യയിൽ ഇതാദ്യം

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആന്ധ്രാപ്രേദശ് തൂത്തുവാരി മുഖ്യമന്ത്രി പദത്തിലെത്തിയ വൈഎസ് ജഗൻമോഹൻ റെഡ്ഡിക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാർ. ഭരണത്തിൽ സഹായിക്കാൻ ഇത്രയും മുഖ്യമന്ത്രിമാരുളള രാജ്യത്തെ ആദ്യ സംസ്ഥാനവും ആദ്യ മുഖ്യമന്ത്രിയുമാണ് ജഗൻ. ഇന്ന് രാവിലെ ചേർന്ന നിയമസഭാ പാർട്ടി യോഗത്തിലാണ് ജഗന്റെ പ്രഖ്യാപനം. എസ്.സി, എസ്.ടി, ഒബിസി എന്നീ സംവരണവിഭാഗങ്ങളിൽ നിന്നും ന്യൂനപക്ഷ, കാപ്പു സമുദായങ്ങളിൽ നിന്നും ഓരോ പ്രതിനിധികൾ ഉപമുഖ്യമന്ത്രി പദത്തിലെത്തും.

തടെപാലെയിലെ ക്യാംപ് ഓഫീസിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ മാരെല്ലാം പങ്കെടുത്തു. 25 അംഗ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നും ജഗൻ മാധ്യമങ്ങളെ അറിയിച്ചു.

എല്ലാ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കിയായിരുന്നു ആന്ധ്രയിലെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ജഗൻ ആധിപത്യം നേടിയത്. 25 ൽ 23ഉം നേടി ലോക്സഭയും 175 ൽ 151 ഉം നേടി നിയമസഭയും വൈഎസ്ആർ കോൺഗ്രസ് കൈപ്പിടിയിലാക്കി. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്ത വൻ വിജയമായിരുന്നു ജഗന്റേത്.