രാഹുലിനുമേൽ സമ്മർദ്ദമേറ്റി ഘടകകക്ഷികളും; ലീഗും ഡിഎംകെയും രംഗത്ത്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ രാഹുല്‍ ഗാന്ധിക്കുമേല്‍ പാര്‍ട്ടിയുടെ കടുത്ത സമ്മര്‍ദം. വിവിധ നേതാക്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തി. തീരുമാനം പുനപരിശോധിക്കണമെന്ന് ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടു. പ്രതിസന്ധി മനസിലാക്കി രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്‍മാറിയേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു

പ്രവര്‍ത്തകസമിതിയോഗത്തില്‍ രാജിതീരുമാനം അറിയിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ നാലുദിവസം ഇതുസംബന്ധിച്ച് ആരുമായും ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്തണമെന്നായിരുന്നു രാഹുലിന്‍റെ ആവശ്യം. അപകടം മണത്ത നേതാക്കള്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി. ഇന്ന് പ്രിയങ്ക ഗാന്ധിയുമൊത്ത് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയ സംഘടനാജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാഹുല്‍ തുടരണമെന്ന പാര്‍ട്ടിയുടെ ആവശ്യം ആവര്‍ത്തിച്ചു . പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാവകാശം വേണമെന്നും അതുവരെ രാഹുല്‍ തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് നിരവധി നേതാക്കള്‍ തുഗ്ലക് ലൈനിലെ വസതിയിലേക്കെത്തി. ഗ്രൂപ്പുപോരില്‍ പാര്‍ട്ടി വന്‍പരാജയമേറ്റുവാങ്ങിയ രാജസ്ഥാനില്‍ നിന്നുള്ള സച്ചിന്‍ പൈലറ്റും അശോക് ഗെഹ് ലോട്ടും പ്രിയങ്ക ഗാന്ധിയെ കണ്ടു. ദിവസംമുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും പൂര്‍ണമായും തീരുമാനംമാറ്റാമെന്ന് തുറന്ന് പറയാന്‍ രാഹുല്‍ ഗാന്ധി തയാറായില്ല. 

തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ.സ്റ്റാലിനും മുസ്ലീംലീഗ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും രാഹുലിനോട് ആവശ്യപ്പെട്ടു. രാജി തീരുമാനം ആത്മഹത്യാപരമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഓര്‍മിപ്പിച്ചു. വിവിധസംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുനില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ രാഹുല്‍  തയാറാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

രാഹുല്‍ അധ്യക്ഷസ്ഥാനത്ത് തുടരുമെന്നു തന്നെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്നനേതാക്കള്‍ വിശ്വസിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ക്ക് പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാകില്ലെന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ രണ്ടാംനിരനേതാക്കള്‍ വളര്‍ന്നുവരേണ്ടതുണ്ടെന്ന് യുവനേതൃത്വം കരുതുന്നു. എതായാലും പാര്‍ട്ടിയില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ ഉറപ്പിക്കുന്നു.