ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ദിനകരപക്ഷം; കിങ് മേക്കറാകുമോ?

തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ടിടിവി ദിനകരന്‍ കിങ് മേക്കറാകുമോ എന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തെയും  പാഠം പഠിപ്പിക്കും എന്ന് പ്രഖ്യാപിച്ചായിരുന്നു ദിനകരന്റെ തിരഞ്ഞെടുപ്പ് പോരാട്ടം.പയ്യെ തിന്നാല്‍ പനയും തിന്നാമെന്നാണല്ലോ ചൊല്ല്. അതുപോലെയാണ് ദിനകരന്‍റെ നീക്കങ്ങള്‍. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ടെങ്കിലും  അണ്ണാ ഡിഎംകെ കൈപ്പിടിയിലൊതുക്കുക എന്നത് തന്നെയാണ് ദിനകരന്‍റെ ലക്ഷ്യം. അതിനുള്ള സുവര്‍ണാവസരം തിരഞ്ഞെടുപ്പ് ഫലത്തോടെയുണ്ടാകും എന്നാണ് വിലയിരുത്തല്

ആകെ ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളിലെ ഫലമാണ് വരേണ്ടത്. അതില്‍ പത്ത് സീറ്റെങ്കിലും അണ്ണാ ഡിഎംകെ ജയിക്കാതിരിക്കുക. ഡിഎംകെയ്ക്കെയുടെ വിജയം പതിനഞ്ച് സീറ്റില്‍ താഴെയാവുക. മൂന്നോ നാലോ സീറ്റില്‍ ദിനകരന്‍റെ സ്ഥാനാര്‍ഥികള്‍ ജയിക്കുക. അങ്ങനെ ടിടിവി കിങ്മേക്കറാകുന്ന സാഹചര്യമുണ്ടായാല്‍ കളി മാറും. ഭരണം വീഴ്ത്തുക എന്നതിനപ്പുറം മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും മാറ്റണം എന്നാണ് ദിനകരന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന് ഒപിഎസും ഇപിഎസും സമ്മതിക്കുകയുമില്ല.അങ്ങനൊരു സാഹചര്യത്തില്‍ ഭരണം വീണേക്കും. ഇരുപത്തിമൂന്നിന് ഫലം വരുമ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ ഭാവി അറിയാം. ദിനകരന്‍ കിങ്ങ് മേക്കറായാല്‍ വീണ്ടും റിസോര്‍ട്ട് നാടകങ്ങളും കാണാനിടവരും