സാമ്പത്തിക നയം പാളിയെന്ന് സമ്മതിച്ച് രാഹുൽ; അടിമുടി മാറ്റ സൂചന: അഭിമുഖം

മുൻപ് കോൺഗ്രസ് പരീക്ഷിക്കുകയും 2012ഓടെ പരാജയപ്പെടുത്തുകയും ചെയ്ത സാമ്പത്തിക നയമാണ് 2014ന് ശേഷം നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഈ സാമ്പത്തിക മാതൃക പരാജയമാണെന്ന് താനും മൻമോഹൻ സിങ്ങുമുൾപ്പെടെയുള്ളവർ സമ്മതിക്കുന്നുണ്ടെന്നും രാഹുൽ പറയുന്നു. എന്‍ഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. 

''1990ൽ ഞങ്ങൾ നടപ്പിലാക്കിയ മാതൃകയുണ്ട്. ഇതേത്തുടർന്ന് ഒട്ടേറെ നല്ല മാറ്റങ്ങളുണ്ടായി. 2004ല്‍ ഈ മോഡലിനെ ചെറിയ മാറ്റം വരുത്തി വീണ്ടും ഉപയോഗിച്ചു. എന്നാല്‍ 2012ല്‍ ഇത് പരാജയമായിരുന്നു. ഈ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. ഇക്കാര്യം ഞാനും മൻമോഹൻ സിങ്ങും സമ്മതിക്കുന്നു. 

എന്നാൽ ഇതേ മാതൃക വീണ്ടും കൊണ്ടുവന്നു എന്നിടത്താണ് നരേന്ദ്രമോദിക്ക് ദുരന്തം സംഭവിച്ചത്. 

രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, ഇന്ദിരാ ഗാന്ധി എന്നിവരെക്കുറിച്ച് പറയുമ്പോൾ വിഷമം വരാറില്ലേ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ''ഇല്ല. അവരുടെയെല്ലാ നന്മ എന്തെന്ന് എനിക്കറിയാം. അവർ എന്തുവേണമെങ്കിലും പറയട്ടെ. സത്യം എന്നായാലും പുറത്തുവരും. ആർക്കും മറച്ചുവെക്കാൻ കഴിയില്ല. ഞാൻ വളരെ സ്നേഹത്തോടെ പറയുകയാണ്, നരേന്ദ്രമോദിയുടെ സമയം കഴിഞ്ഞിരിക്കുകയാണ്.

സാം പിത്രോഡയുടെ പരാമർശത്തെക്കുറിച്ച്: ''1984 സിഖ് കലാപത്തെക്കുറിച്ചുള്ള പിത്രോഡയുടെ പരാമർശം തെറ്റാണ്. അത് അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. സിഖ് കലാപത്തിൽ പങ്കെടുത്ത, പങ്കുള്ള എല്ലാവരും ശിക്ഷിക്കപ്പെടേണ്ടതാണ്. 

പപ്പുവെന്ന കളിയാക്കലുകൾ വ്യക്തിപരമായി എടുത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഞാൻ ആസ്വദിക്കുകയായിരുന്നു എല്ലാം. ഞാൻ എല്ലാവരിൽ നിന്നും കാര്യങ്ങൾ പഠിക്കുന്നുണ്ട്. നരേന്ദ്രമോദിയിൽ നിന്നും കാര്യങ്ങള്‍ പഠിക്കുന്നതായി ഞാൻ പറഞ്ഞിട്ടുണ്ട്. ആർഎസ്എസിൽ നിന്നും പഠിക്കുന്നുണ്ട്. എന്നെക്കുറിച്ച് ആരെന്ത് പറഞ്ഞാലും ഞാൻ ശ്രദ്ധിക്കാറുണ്ട്. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാധ്യമങ്ങളിൽ ഇന്ത്യയിലെ പ്രതിപക്ഷത്തിന് ന്യായമായ സ്ഥാനം കിട്ടിയിട്ടില്ല. റഫാൽ പോലുള്ള വിഷയങ്ങൾ മാധ്യമങ്ങൾ ഉയർത്തിക്കാണിച്ചില്ല. തുടർച്ചയായി വാര്‍ത്താസമ്മേളനങ്ങൾ നടത്തിയാണ് ഞങ്ങൾ മാധ്യമങ്ങളെ ഉണർത്തിയത്.''-രാഹുൽ പറഞ്ഞു.