പ്രജ്ഞയെ സ്ഥാനാര്‍ഥിയാക്കിയത് ആര്‍എസ്എസ് നിര്‍ദേശത്തില്‍; വിമര്‍ശിച്ച് ഇടതുപാര്‍ട്ടികള്‍

മലേഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി. 

വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമമെന്ന് ഹര്‍ജിക്കാരനായ തഹ്സീന്‍ പൂനാവാല പറഞ്ഞു. ഭോപ്പാലില്‍നിന്ന് ബിജെപി ടിക്കറ്റിലാണ് സാധ്വി പ്രജ്ഞ മല്‍സരിക്കുന്നത്. 

മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞ സിങ് ഠാക്കൂറിനെ ഭോപ്പാലില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയതിനെ ചോദ്യംചെയ്യാതെ കോണ്‍ഗ്രസ്. നിയമം അനുവദിച്ചാല്‍ ആര്‍ക്കും മല്‍സരിക്കാമെന്ന് പ്രവര്‍ത്തകസമിതി അംഗം എ.െക.ആന്‍റണി പ്രതികരിച്ചു. ബി.ജെ.പി. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു.  

ആറുപേര്‍ കൊല്ലപ്പെടുകയും 101പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ് പ്രജ്ഞ സിങ് ഠാക്കൂര്‍. തെളിവുകളുടെ അഭാവത്തില്‍ പ്രജ്ഞയെ വിട്ടയയ്ക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടെങ്കിലും മുംബൈയിലെ പ്രത്യേക കോടതി തയാറായിട്ടില്ല. ഹിന്ദു ഭീകരവാദമെന്ന കോണ്‍ഗ്രസിന്‍റെ കള്ളപ്രചരണത്തിന്‍റെ ഇരകളാണ് സ്വാമി അസീമാനന്ദയും പ്രജ്ഞയും അടക്കമുള്ളവരെന്ന് ബി.ജെ.പി വാദിക്കുന്നു. ഇത് ഭൂരിപക്ഷ സമുദായങ്ങളെ കോണ്‍ഗ്രസില്‍നിന്ന് അകറ്റിയെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. ഹിന്ദു ഭീകരവാദമുണ്ടെന്ന് പറയുകയും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ പ്രജ്ഞയെ നിര്‍ത്തിയതും ഇതിനാലാകാം. 

എന്നാല്‍ പ്രജ്ഞയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. ഹിന്ദുവോട്ടുകള്‍ എതിരായേക്കുമെന്ന ഭയംതന്നെയാണ് ഇതിനുപിന്നിലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.  

പ്രജ്ഞയെ മല്‍സരിപ്പിക്കുന്നത് ഹിന്ദുഭീകരതയ്ക്ക് സാധൂകരണം നല്‍കുന്ന നടപടിയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മനോരമ ന്യൂസിനോട് പറഞ്ഞു. ഭീകരവാദം അവസാനിപ്പിക്കുമെന്ന് പറയുന്ന പ്രധാനമന്ത്രി തന്നെ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും വിമര്‍ശിച്ചു.  

ഭോപ്പാലില്‍ കോണ്‍ഗ്രസിനും ദിഗ്‌വിജയ് സിങ്ങിനുമെതിരെയുള്ളത് ധര്‍മയുദ്ധമാണെന്നും ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രജ്ഞ പറഞ്ഞു.  1989 മുതല്‍ ബി.ജെ.പി. തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ഭോപ്പാല്‍.