വേനൽചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടിലും വറ്റി കാവേരി; വിഷയത്തിൽ മൗനം

കര്‍ണാടകയില്‍ പതിവിലും വിപരീതമായി തിരഞ്ഞെടുപ്പ് വിഷയമാകാതെ കാവേരി. രാഷ്ട്രീയപ്പാര്‍ട്ടികളോ നേതാക്കളൊ കാവേരി വിഷയം പ്രചാരണത്തില്‍ ഉയര്‍ത്തുന്നില്ല. മേക്കെദാട്ടു അണക്കെട്ടടക്കം തമിഴ്നാടുമായി തര്‍ക്കത്തില്‍ തുടരുമ്പോഴും‌‌ം  ഇരുസംസ്ഥാനങ്ങളിലും എതിര്‍പ്പുണ്ടാകാതിരിക്കാനാണ് നീക്കം

വേനല്‍ കടുത്തതോടെ കാവേരി നദിയില്‍ വെള്ളം വറ്റി. ഒപ്പം തിരഞ്ഞെടുപ്പ് ചൂടില്‍ പ്രചാരണവിഷയങ്ങളില്‍നിന്ന് കാവേരിയും വറ്റി. സാധാരണ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മുതല്‍  ലോക്സഭ തിരഞ്ഞെടുപ്പുവരെ പ്രധാന വിഷയമാണ് കര്‍ണാടകയില്‍ കാവേരി. ഇതിനപ്പുറം ജനങ്ങള്‍ക്ക് ഒരു വികാരവും. മേക്കെദാട്ടു അണക്കെട്ട് നിര്‍മിക്കുന്നതിനെച്ചൊല്ലി തമിഴ്നാടുമായുള്ള തര്‍ക്കമാണ് നിലവിലുള്ള പ്രധാന പ്രശ്നം. എന്നാല്‍ ഒരിടത്ത് വിഷയമുയര്‍ത്തിയാല്‍ മറ്റിടത്തെ വോട്ടുകള്‍ നഷ്ടമാകുമെന്നതാണ് വിഷയത്തില്‍ മൗനം പാലിക്കാന്‍ ദേശീയപാര്‍ട്ടികളെ നിര്‍ബന്ധിച്ചത്.

മേക്കെദാട്ടു അണക്കെട്ടിനായുള്ള സര്‍വേയ്ക്ക് കേന്ദജലകമ്മീഷന്‍  അനുമതി നല്‍കിയതിനെ തമിഴ്നാട് എതിര്‍ത്തിരുന്നെങ്കിലും ഇൗ വിഷയങ്ങളൊന്നും ബി.ജെ.പിയോ, കോണ്‍ഗ്രസോ ഉയര്‍ത്തുന്നില്ല. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വോട്ടുബാങ്ക് നഷ്ടപ്പെടാതിരിക്കാനാണിത്. ഇരുസംസ്ഥാനങ്ങളിലും പ്രാദേശികപാര്‍ട്ടികളുമായുള്ള സഖ്യവും ഇതിന് വിലങ്ങുതടിയാണ്