തിരുവാരൂരിൽ ഡിഎംകെയ്ക്ക് അഭിമാനപോരാട്ടം; ലക്ഷ്യം കരുണാനിധിയ്ക്ക് ആദരവർപ്പിക്കുക

കരുണാനിധിയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവാരൂരിൽ ഡിഎംകെയ്ക്ക് അഭിമാന പോരാട്ടമാണ്. ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി കരുണാനിധിക്ക് ആദരവർപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡിഎംകെ സ്ഥാനാർഥി പൂണ്ടി കലൈവാനൻ മനോരമ ന്യൂസിനോട് പറഞ്ഞു.

2016 ൽ കരുണാനിധി അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് തിരുവാരൂർ. കരുണാനിധിയുടെ പ്രചാരണം നയിച്ചിരുന്ന വിശ്വസ്തൻ പൂണ്ടി കലൈവാനനാണ് ഇത്തവണ ഡിഎംകെ സ്ഥാനാർഥി. കലൈഞ്ജറുടെ പിൻമുറക്കാരനായി മത്സരിക്കാൻ പറ്റിയത് ഭാഗ്യമാണെന്ന് സ്ഥാനാഥി പറയുന്നു. മണ്ഡലത്തിലുടനീളം കരുണാനിധി ചെയ്ത പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ടഭ്യർഥന.

തിരുവാരൂരിൽ കാൽനടയായി വോട്ടഭ്യർഥിച്ചായിരുന്നു സ്റ്റാലിൻ പ്രചാരണം തുടങ്ങിയത്. നാഗപട്ടണം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിയമസഭ സീറ്റാണ് തിരുവാരൂർ. കരുണാനിധിയുടെ മണ്ണിൽ വൻ ഭൂരിപക്ഷം നേടാനായാൽ അത് നാഗപട്ടണത്തെ വിജയ സാധ്യത വർധിപ്പിക്കും.