ഡിഎംകെ-കോൺഗ്രസ് മണ്ഡലങ്ങളിൽ ധാരണ; കനിമൊഴി തൂത്തുക്കുടിയിൽ

തമിഴ്നാട്ടില്‍ ഡിഎംകെയും സഖ്യകക്ഷികളും മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തില്‍ ധാരണയിലെത്തി. ചെന്നൈയിലെ മൂന്ന് സീറ്റിലും ഡിഎംകെ സ്ഥാനാര്‍ഥികളെ നിര്‍ത്തും. കോയമ്പത്തൂരും മധുരയും സിപിഎമ്മിന് നല്‍കി. കന്യാകുമാരി അടക്കമുള്ള പത്ത് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജനവിധി തേടുക.

ശ്രീപെരുംപുത്തൂര്‍, കാഞ്ചീപുരം,  തെങ്കാശി, നീലഗിരി, തഞ്ചാവൂര്‍, സേലം, ധര്‍മപുരി, പൊള്ളാച്ചി തുടങ്ങിയവയാണ് ഡിഎംകെ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങള്‍. പാര്‍ട്ടിയുടെ  സ്ഥാനാര്‍ഥികളില്‍ പ്രമുഖയായ കനിമൊഴി തൂത്തുക്കുടിയില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യത. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന മയിലാടുതുറൈ ഡിഎംകെ ഏറ്റെടുത്തു. ഇരുപത് ഡിഎംകെ സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും.

പുതുച്ചേരിക്ക് പുറമെ ശിവഗംഗ, കന്യാകുമാരി, കൃഷ്ണഗിരി, ആറണി, വിരുതുനഗര്‍ തുടങ്ങിയവയാണ് കോണ്‍ഗ്രസ് മത്സരിക്കുന്ന പ്രധാന സീറ്റുകള്‍. നാഗപട്ടണവും തിരുപ്പൂരുമാണ് സിപിഐക്ക്. ചിദംബരം, വില്ലുപുരം മണ്ഡലങ്ങളില്‍ വിസികെയും രാമനാഥപുരത്ത് മുസ്്ലിം ലീഗും മത്സരിക്കും. ഇറോഡില്‍ എംഡിഎംകെ, നാമക്കലില്‍ കെഡിഎംകെ,  പെരമ്പല്ലൂരില്‍ ഇന്ത്യ ജനനായക കക്ഷി എന്നീ പാര്‍ട്ടികള്‍ മത്സരിക്കും.