ഇക്കുറി വികസനമല്ല, ദേശീയത മോദിയുടെ ആയുധം; തടയിടാന്‍ പ്രതിപക്ഷവും

ഈ ലോക്സഭ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളും തമ്മിലുള്ള പോരാട്ടമാണ്. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ വികസനത്തില്‍ ഊന്നി വോട്ടുപിടിച്ച ബി.ജെ.പിയുടെ ഇത്തവണത്തെ പ്രചാരണായുധം ദേശീയതയും. എന്നാല്‍ റഫാല്‍ അഴിമതി ആരോപണവും വിദേശനയത്തിലെ പിഴവുകളും കര്‍ഷകപ്രശ്നങ്ങളും തൊഴിലില്ലായ്മയും ഉയര്‍ത്തി മോദിയെ നേരിടാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. 

ഈ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ബി.ജെ.പിയുമില്ല. മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ഊന്നി തുടര്‍ഭരണം ഉറപ്പാക്കാനാണ് എന്‍.ഡി.എ. ഇറങ്ങിത്തിരിക്കുന്നത്. പാക്കിസ്ഥാനില്‍നിന്നും ഭീകരരില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ മോദിയല്ലാതെ മറ്റാരുമില്ലെന്നായിരിക്കും എന്‍.ഡി.എയുടെ പ്രചാരണം. മുംബൈ ഭീകരാക്രമണമുണ്ടായപ്പോള്‍ പോലും പാക്കിസ്ഥാനെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് അല്ല, മറിച്ച് ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ മണ്ണില്‍വരെ തിരിച്ചടിക്കാന്‍ ധൈര്യം കാട്ടിയ നരേന്ദ്ര മോദിയെയാണ് രാജ്യത്തിനു വേണ്ടതെന്നാണ് ബി.ജെ.പിയുടെ പക്ഷം. 

എന്നാല്‍ രാജ്യം മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്യാതെ പാര്‍ട്ടിപ്രവര്‍ത്തകരുമായി സംവദിച്ച പ്രധാനമന്ത്രിയെയാണോ വേണ്ടതെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നു. റഫാല്‍ ഇടപാടിലെ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നെന്ന്് കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സമ്മതിച്ചതും മോദി സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷം വാദിക്കുന്നു. 

കോടിക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനംചെയ്ത നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന തലത്തിലെത്തി. നോട്ടുനിരോധനമെന്ന മണ്ടന്‍ തീരുമാനം ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തകര്‍ത്തു. കര്‍ഷകക്ഷേമത്തിനും കാര്‍ഷികവിളകള്‍ക്ക് അര്‍ഹമായ താങ്ങുവില ഉറപ്പാക്കുന്നതിനും ഒന്നും ചെയ്തില്ല എന്നതടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു.