കര്‍ണാടകയില്‍ കാലിടറി ബി.ജെ.പി; കരുനീക്കങ്ങൾ പാളി; സഖ്യസര്‍ക്കാരിന് വീണ്ടും നേട്ടം

കര്‍ണാടകയില്‍ ബജറ്റ് സമ്മേളനം പൂര്‍ത്തിയായപ്പോള്‍ കാലിടറി ബി.ജെ.പി. ലോക്സഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ സമ്മേളനത്തിനിടെ നടത്തിയ കരുനീക്കങ്ങള്‍  ബിജെപിക്ക് തന്നെയാണ് തിരിച്ചടിയായത്. പ്രതിഷേധങ്ങള്‍ക്കിടയിലും ബജറ്റവതരിപ്പിച്ച് പാസാക്കാനായതോടെ കോണ്‍ഗ്രസ് – ദള്‍ സഖ്യം വീണ്ടും നേട്ടം കൊയ്തു.

ചക്കിനുവച്ചത് കൊക്കിന് കൊണ്ടുവെന്നപോലെയാണ് കര്‍ണാടകയില്‍ ബി.ജെ.പിയുടെ സ്ഥിതി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലുറപ്പിക്കാന്‍ സഖ്യത്തിനെതിരെ നടത്തിയ നീക്കങ്ങളെല്ലാം ഒടുവില്‍ സെല്‍ഫ് ഗോളുകളായി. പതിനാറിന് ആരംഭിച്ച ബജറ്റ്സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പദ്ധതിയിട്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് തീരുമാനം മാറ്റി. ആദ്യരണ്ട് ദിവസങ്ങളില്‍ ബഹളം വച്ച് സഭാനടപടികള്‍ തടസപ്പെടുത്തിയ ബി.ജെ.പി ബജറ്റവതരണം അലങ്കോലപ്പെടുത്താമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസും ദളും ഒരുമുഴം മുന്നേയെറിഞ്ഞു.

ദള്‍ എം എല്‍ എയെ വിലയ്ക്കെടുക്കാന്‍ യെഡിയൂരപ്പ നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവിട്ടായിരുന്നു കുമാരസ്വാമിയുടെ വജ്രായുധപ്രയോഗം. ആരോപണങ്ങള്‍ ആദ്യം നിഷേധിച്ച യെഡിയൂരപ്പ പിന്നീട് സ്വരം തന്‍റേതാണെന്ന് പ്രസ്താവനയുമായി മലക്കംമറിഞ്ഞതും പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം നല്‍കി. പ്രതിഷേധങ്ങള്‍ക്കിടയിലും ധനകാര്യബില്‍ സര്‍ക്കാര്‍ പാസാക്കി. കര്‍ഷകര്‍ക്കും, വ്യവ്യസായ മേഘലയ്ക്കും വികസനത്തിനും ഉൗന്നല്‍ നല്‍കിയ ബജറ്റില്‍, കര്‍ണാടകയിലെ പ്രമുഖവിഭാഗങ്ങള്‍ക്കും കൃത്യമായി പദ്ധതികളൊരുക്കി സര്‍ക്കാര്‍ വിജയം കണ്ടു. ഇടഞ്ഞു നിന്ന നാല് വിമത എം എല്‍ എമാരെ സമ്മേളനത്തിനെത്തിക്കാനായതും, സഖ്യം അസ്ഥിരമാണെന്ന വാദങ്ങളെത്തകര്‍ത്തു.