ചന്ദ്രശേഖര റാവുവിന്‍റെ പിറന്നാളാഘോഷിക്കാൻ നേതാക്കൾ; ലക്ഷ്യങ്ങൾ ഒട്ടേറെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്നതിന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി നേതാക്കള്‍. മന്ത്രിസഭ വിപുലീകരണം മുന്നില്‍ കണ്ട് മന്ത്രിപദവി മോഹമുള്ളവരും വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിച്ച് സ്ഥാനങ്ങളും സീറ്റുകളും നേടുകയാണ് ലക്ഷ്യം. 

രണ്ട് മാസം മുമ്പ് നടന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് കെ.ചന്ദ്രശേഖര റാവുവിന്‍റെ തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് അധികാരമേറ്റത്. മന്ത്രിസഭ വിപുലീകരിക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നുമുണ്ട്. പക്ഷേ അതിലൊന്നുമല്ല ടി.ആര്‍.എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ശ്രദ്ധ. ഫെബ്രുവരി പതിനേഴിന് കെ.സി.ആറിന്‍റെ ജന്മദിനമാണ്. അത് ആഘോഷമാക്കണം. ഇത്തവണ ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ നേതാക്കള്‍ മത്സരിക്കുകയാണ്. മികച്ച രീതിയില്‍ ആഘോഷങ്ങളൊരുക്കിയും മുഖ്യമന്ത്രിയെ അഭിനന്ദിച്ചും ശ്രദ്ധപിടിച്ചുപറ്റാനാണ് ശ്രമം. 

ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹിക്കുന്നവര്‍. മന്ത്രി കസേര സ്വപനം കാണുന്നവര്‍. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നോട്ടമുള്ളവര്‍ തുടങ്ങിയവരാണ് ഇത്തവണ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജന്മദിനത്തില്‍ അന്നദാനം,രക്തദാനം തുടങ്ങിയ പരിപാടികളും നടത്തും. വിവിധ ക്ഷേത്രങ്ങളില്‍ കെ.സി.ആറിനായി പൂജകളുണ്ടാകും.  ചന്ദ്രശേഖര റാവുവിന്‍റെ മകന്‍ കെ.ടി.രാമ റാവു, മകള്‍ കവിത , മരുമകന്‍ ഹരീഷ് റാവു തുടങ്ങിയവരെ പങ്കെടുപ്പിക്കാനാണ് നേതാക്കളുടെയെല്ലാം ശ്രമം. കെ.സി.ആറുമായി ബന്ധമുള്ള മുതിര്‍ന്ന നേതാക്കളെയും ആഘോഷങ്ങളുടെ ഭാഗമാക്കും. നിയമസഭയില്‍ നേടിയതുപോലുള്ള തകര്‍പ്പന്‍ വിജയം ലോക്സഭയിലും ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ടി.ആര്‍.എസ് ക്യാംപ്.