മോദിയെ താഴെ ഇറക്കണം, മൂന്നാം മുന്നണിക്ക് ജീവൻ നൽകി കെസിആർ, പിണറായിയും ഒപ്പം

തെലങ്കാനയില്‍ നിന്ന് ഒരു വെള്ള അംബാസിഡര്‍ പുറപ്പെടുകയാണ്. വലിയ മോഹങ്ങളും വലിയ ലക്ഷ്യങ്ങളുമായി. ആളും ആയുധവും നിറയുന്ന 2024ന്റെ പോരാട്ടമുറ്റത്തേക്ക്. ആ യാത്രയിലെ നായകന്റെ പേര് കെ.ചന്ദ്രശേഖരറാവു.

ദേശീയ രാഷ്‌ട്രീയത്തില്‍ കെസിആര്‍ എന്ന നേതാവും അദ്ദേഹത്തിന്റെ ഭാരത് രാഷ്‌ട്ര സമിതിയും 2024ല്‍ വലിയ സാന്നിധ്യകുമെന്ന് തീര്‍ച്ച. അതിന്റെ ഒടുവിലത്തെ പ്രഖ്യാപനമാണ് തെലുങ്കാനയിലെ ഖമ്മത്തില്‍ നടന്ന മഹാറാലി. ബിജെപി സംഘപരിവാര്‍ രാഷ്ച്ട്രീയത്തെ കടന്നാക്രമിച്ച റാലിയില്‍ കെസിആര്‍ ഉയര്‍ത്തിക്കാണിച്ചത് ഒരു ബദല്‍ കൂടിയാണ്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസില്ലാതെയും വെല്ലുവിളിയുയര്‍ത്താന്‍ പാകത്തിലൊരു മുന്നണി. കോണ്‍ഗ്രസുമായി രസത്തിലല്ലാത്ത നവദേശീയ പാര്‍ട്ടി എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ കൂടി കെസിആറിന്റെ കൈപിടിച്ചതോടെ, വലിയൊരു തലവേദനയാണ് ബിജെപിയെ, എന്‍.ഡി.എ യെ കാത്തിരിക്കുന്നത് എന്ന് സാരം. കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്കും വിലങ്ങുതടിയാകും ഈ പടപ്പുറപ്പാട്.

മോദിയെ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കുന്നവരില്‍ ഇപ്പോള്‍ മുന്നിലാണ് ചന്ദ്രശേഖര റാവു. സംസ്ഥാനത്തേക്ക് സന്ദര്‍ശനത്തിനെത്തിയ മോദി നേരില്‍ കണ്ട് ബോധിച്ചതാണ് ആ വൈരം. രാമാനുജ ആചാര്യരുടെ സമത്വ പ്രതിമ അനാച്ഛാദനം ചെയ്യാൻ ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ എത്താതിരുന്ന കെ ചന്ദ്രശേഖര റാവു മോദിയുമായി ഐക്യപ്പെടില്ല എന്ന് അന്നേ പറഞ്ഞു തുടങ്ങിയതാണ്. കെസിആറിനെ മലര്‍ത്തിയടിക്കാന്‍ ദേശീയ നിര്‍വാഹക സമിതി യോഗം ബിജെപി ഹൈദറാബാദില്‍ കൂടിയതും വലിയ വാര്‍ത്തയായിരുന്നു. സമ്മേളനത്തിലെത്തിയവര്‍ക്ക് മറുപടിയായി ടിആര്‍എസുകാര്‍ കെട്ടിപ്പൊക്കിയ മോദി വിരുദ്ധ ഫ്ലക്‌സുകള്‍ അന്ന് തലക്കട്ടുകള്‍ വാണു.

അടുത്ത ലോക്‌സഭാ തിരഞ്ഞെ‌ടുപ്പില്‍ ബിജെപിയെ താഴെ ഇറക്കണം. അതിനായി സഖ്യ പ്രതിപക്ഷ നിരയെ മെനഞ്ഞുണ്ടാക്കാന്‍ ആദ്യം കോണ്‍ഗ്രസുമായി കൈകോര്‍ത്ത ചന്ദ്രശേഖര റാവു ഇപ്പോള്‍ കോണ്‍ഗ്രസിതര മുന്നണിക്ക് വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിലാണ്. 2001 ഏപ്രിലില്‍ രൂപം കൊണ്ട പാര്‍ട്ടിക്ക് 21 വര്‍ഷങ്ങള്‍ക്കപ്പുറം ഭാരത് രാഷ്‌ട്ര സമിതി എന്ന പേരിട്ട് ദേശീയ ഛായ നല്‍കിയതും വരാനിരിക്കുന്ന പൊതു തിരഞ്ഞെ‌ടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാന്‍ തന്നെയാണ്. എതിരാളികള്‍ പറയുന്ന പോലെ  പ്രധാനമന്ത്രിക്കസേരയിലേക്കുള്ള കെസിആറിന്റെ മോഹത്തെയും സൂചിപ്പിക്കണം. തിരഞ്ഞെ‌‌ടുപ്പ് ചിഹ്നമായ അംബാസിഡറുമായി തെലുങ്കാനയിലൊതുങ്ങി നില്‍ക്കുന്നതിന് പകരം, രാജ്യമൊട്ടുക്ക് കറങ്ങണമെന്ന കെസിആറിന്റെ മോഹങ്ങള്‍ക്ക് എത്രമാത്രം സ്വാധീനമുറപ്പിക്കാനാകുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളമുള്ള കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുമെന്ന കെസിആറിന്റെ ഈയിടെയുണ്ടായ  പ്രഖ്യാപനം ശക്തമായ വരവറിയിക്കുന്നതിന് വേണ്ടിയാണ്. 

ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ഉന്നമിടുന്ന പ്രതിപക്ഷ ഐക്യനിര പടുക്കാന്‍ കെസിആര്‍ മുന്നേ നടത്തിയ ശ്രമമാണ്  ഖമ്മത്ത് റാലിയില്‍ കണ്ടത്. പതിനായിരങ്ങളെ അണി നിരത്തി, രാജ്യത്തെ മൂന്ന് മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച്, മറ്റു പ്രതിപക്ഷ നേതാക്കളെ വേദിയിലെത്തി‌‍‌ച്ചാണ് കെസിആറും ബിആര്‍എസും മറുപടി നല്‍കുന്നത്. പ്രതിപക്ഷ ഐക്യനിരയിലേക്ക് എത്തില്ലെന്ന് വിമര്‍ശകര്‍ പറഞ്ഞ അരവിന്ദ് കെജ്​രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മന്‍, കോണ്‍ഗ്രസുമായി രസത്തിലല്ലാത്ത പിണറായി വിജയന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, സിപിഐ നേതാവ് ഡി. രാജ എന്നിവര്‍ കൂടി കെസിആറിന്റെ ഒപ്പമെത്തിയപ്പോള്‍, അത് ആദ്യഘട്ട വിജയം തന്നെയെന്നുറപ്പ്.  

കൂടുതല്‍ നേതാക്കളും പാര്‍ട്ടികളും കെസിആറിന്റെ നിരയില്‍ പ്രത്യക്ഷപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രധാനമന്ത്രി മോഹികളുടെ നിര നീളുമ്പോള്‍ 2024ല്‍ ആര്‍ക്കാണ് അത് വഴിയൊരുക്കുക എന്ന ആകാംക്ഷ ബലപ്പെടുകയാണ്. ചിതറുന്ന പ്രതിപക്ഷനിര ഏതായാലും ബിജെപിയുടെ ചിരി തെളിയാനേ പ്രാഥമിക നോട്ടത്തില്‍ ഉതകൂ എന്നത് വാസ്തവം. കാത്തിരുന്ന കാണുക തന്നെ.