തെലങ്കാനയില്‍ കെസിആര്‍ കോട്ടകള്‍ കൈവിടുമോ? സാധ്യതകളും വെല്ലുവിളികളും

തുടർച്ചയായുള്ള മൂന്നാം വിജയം തേടിയിറങ്ങുന്ന  ബി ആർ എസിന് തെലങ്കാനയിൽ സാധ്യതകൾക്കൊപ്പം വെല്ലുവിളികളും ഏറെയാണ്. ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനം വോട്ടു ചെയ്യുമെന്ന കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെയും കണക്കുകൂട്ടലുകൾ ഇത്തവണ തെറ്റുമോയെന്നതാണ്  ആശങ്ക. അഴിമതി ആരോപണങ്ങളും  ഭരണ വിരുദ്ധ വികാരവും പ്രതിഫലിച്ചാൽ കെ സി ആർ കോട്ട ഇളകാനും സാധ്യതയുണ്ട്.

ആന്ധ്രാ - തെലങ്കാന വിഭജനത്തിനു ശേഷമുള്ള 2014 ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ 63 സീറ്റുകൾ നേടി അധികാരത്തിൽ എത്തിയ ബി ആർ എസിന് 2018 ൽ ലഭിച്ചത് 88 സീറ്റുകൾ ശേഷം പലവിധ കൂറുമാറ്റങ്ങളിലൂടെ 99 എം എൽ എ മാരുടെ പിന്തുണയുണ്ടായി  ഇന്നത്തെ സർക്കാരിന് . പക്ഷേ നവംബർ 30 ന് മൂന്നാം പരീക്ഷണം നേരിടാൻ പോകുന്ന പാർട്ടിക്ക് മുൻപ് പറഞ്ഞ കണക്കുകൾ നോക്കി മാത്രം ആത്മവിശ്വാസം കൂട്ടാൻ  കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. റയിത്തി ബിന്ദുവും  കെ സി ആർ കിറ്റുകളും ആസറ പെൻഷനും ഹാദി മുബാറക്കും തുടങ്ങിയ ജനക്ഷേമ പദ്ധതികൾ തുണയ്ക്കുമെന്നാണ് ബി ആർ എസി ന്റെ കണ്ണക്കുകൂട്ടൽ. എന്നാൽ ക്ഷേമ പ്രവർത്തനങ്ങൾ എല്ലാം പോയത് കെ സി ആറിന്റെ കുടുംബത്തിലേക്കാണെന്നും 9 വർഷത്തെ അഴിമതിക്ക്  ജനം മറുപടി നൽകുമെന്നുമുള്ള കോൺഗ്രസ് വാദം പടർന്നു പിടിച്ചാൽ നന്നാവില്ല കാര്യങ്ങൾ . കെ സി ആറിന്റെ മകൾ കവിതയെ ഡൽഹി മദ്യ അഴിമതി കേസിൽ ഇ ഡി ചോദ്യം ചെയ്തതും പ്രചാരണമാക്കുന്നു പ്രതിപക്ഷം.

സീറ്റ് നിഷേധിക്കപ്പെട്ടതിനാണെങ്കിൽ പോലും വലിയ ഒരു നിര നേതാക്കൾ ബി ആർ എസ് വിട്ട് കോൺഗ്രസിൽ ചുവട് ഉറപ്പിച്ചത് പാർട്ടിക്ക് നഷ്ടമാണ്. തെലങ്കാനയെന്നാൽ ചന്ദ്രശേഖര റാവുവും ബി ആർ എസ് ആണെന്നുമുള്ള വാദം ഇന്നില്ല. വോട്ടർമാരിൽ 30 ശതമാനം യുവാക്കളുള്ള തെലങ്കാനയിൽ വികസിച്ചത് ഹൈദരബാദ് ഹൈടെക്ക് സിറ്റി മാത്രമാണെന്നുളള പ്രചാരണവും ശക്തം. ഗ്രാമങ്ങളിലെ മനുഷ്യരെ സർക്കാർ വഞ്ചിച്ചുവെന്ന വാദങ്ങൾ ചൂടുപിടിച്ചാൽ തെലങ്കാനയിൽ ബി ആർ എസിന് പൊളളലേറ്റേക്കാം.ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്ന തെലങ്കാനയിൽ അസദുദിൻ ഒവൈസിയുടെ AIMIM പാർട്ടിയുടെ പിന്തുണ ഉണ്ടെങ്കിലും കാര്യങ്ങൾ പഴയ പോലെയല്ല . ഈ വെല്ലുവിളികൾ ഒക്കെ നിലനിൽക്കുമ്പോഴും പ്രചാരണത്തിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിലുമുള്ള മുൻതൂക്കം വോട്ടിങ്ങിലും പ്രകടമാക്കാനായാൽ ബി ആർ എസിന് മൂന്നാം തവണയും തെലങ്കാന സുരക്ഷിത കോട്ടയാവും.

Telangana assembly election BRS KCR chances