മുൻ മോഡൽ; വേഗകാറുകൾ ഹരം; യുവതിയുടെ ഭീഷണിയില്‍ ആൾദൈവത്തിന്‍റെ ആത്മഹത്യ

മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആൾദൈവം ബയ്യു മഹാരാജ് (50) ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. 2018 ജൂൺ 12 നാണ് ഇൻഡോറിലുളള വസതിയിൽ സ്വയം നിറയൊഴിച്ച് ബയ്യു മഹാരാജ് ആത്മഹത്യ ചെയ്തത്.  മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖര്‍ ബയ്യുവിന്റെ  അനുയായികളായിരുന്നു. ഇത്രമാത്രം സ്വാധീനവും ആൾബലവുമുളള ബയ്യുവിന്റെ ആത്മഹത്യ മധ്യപ്രദേശിൽ വൻ കോലഹലമുണ്ടാക്കി.

ബയ്യു മഹാരാജിനെ ആസൂത്രിതമായി വകവരുത്തിയതാണെന്ന പ്രചാരണം കൊഴുക്കുന്നതിനിടെയാണ് ആൾദൈവത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയെ പൊലീസ് തിരഞ്ഞു കണ്ടെത്തിയത്. സഹപ്രവർത്തകയുടെ നിരന്തര ഭീഷണിയെ തുടർന്നാണ് ബയ്യു മഹാരാജ് ആത്മഹത്യ ചെയ്തതെെന്നായിരുന്നു െപാലീസ് കണ്ടെത്തൽ. 

മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ എന്ന പേരിൽ യുവതി വീര്യം കൂടിയ മരുന്നുകളാണ് ബയ്യു മഹാരാജിന് നൽകിയിരുന്നത്. മാനസിക സംഘർഷം താങ്ങാൻ കഴിയാതെ ആയിരുന്നു മഹാരാജിന്റെ ആത്മഹത്യ. കേസിൽ ബയ്യു മഹാരാജിന്റെ പേഴ്സണൽ സെക്രട്ടറി 25കാരി പാലക് പുരാണിക്കിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 

മധ്യപ്രദേശിൽ നിർണായക സ്വാധീനം ഉണ്ടായിരുന്നു ബയ്യു മഹാരാജിന്. വിവാഹ അഭ്യർത്ഥന നിരസിച്ചാൽ പല രഹസ്യങ്ങളും പുറത്തു വിടുമെന്നും പാലക് ഭീഷണിപ്പെടുത്തിയിരുന്നു. തന്നെ മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് പൊലീസിൽ പരാതിപ്പെടുമെന്നും പാലക്ക് ഇയാളോട് പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ പാലക്കും ബയ്യുവും തമ്മിൽ നടത്തിയ സ്വകാര്യ ചാറ്റ് സന്ദേശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉദയ് സിങ് ദേശ്മുഖ് എന്നാണ് ബയ്യു മഹാരാജിന്‍റെ യഥാര്‍ത്ഥ പേര്. ഇദ്ദേഹം മുന്‍ മോഡലായിരുന്നു. വേഗതയേറിയ കാറുകള്‍ ഓടിക്കുന്നതിലായിരുന്നു ബയ്യുവിന് പ്രിയം. വിവാഹിതനായ ബയ്യുവിന് ഒരു മകളുണ്ട്.