രാഹുലിന് ഹൃദയവരവേല്‍പ്പുമായി യുഎഇ പ്രധാനമന്ത്രി; ഇരച്ചെത്തി ആയിരങ്ങൾ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പത്നിയും. വസതിയിലെത്തിയ രാഹുൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. 

ദുബായിലെത്തിയ രാഹുൽ ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാം പിത്രോഡ എന്നിവർ രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു.  ''മൻ കി ബാത്' പറയാനല്ല, ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനാണ് വന്നിരിക്കുന്നത് എന്ന് രാഹുൽ പറഞ്ഞു. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും എന്നതടക്കം, കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്ന പദ്ധതികളെക്കുറിച്ചു രാഹുൽ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള ആവേശത്തോടെ ആയിരങ്ങളാണ് ദുബായ് ക്രിക്കറ് സ്റ്റേഡിയത്തിലെത്തിയിരിക്കുന്നത്.   പ്രവാസികളായ പ്രവർത്തകർക്ക് ആവേശം പകരാൻ രാഹുലിന്റെ സന്ദർശനത്തിനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തോടു അനുബന്ധിച്ചുള്ള പരിപാടിയിൽ സഹിഷ്ണുതയെക്കുറിച്ചായിരിക്കും രാഹുലിന്റെ പ്രസംഗം. ഒപ്പം പ്രവാസികളുടെ ദീർഘ നാളായുള്ള ആവശ്യങ്ങളോട് അനുകൂല ഇടപെടലുണ്ടാകുമെന്നും പ്രവർത്തകർ പ്രതീക്ഷിക്കുന്നു.