‘ഞെട്ടിച്ച’ നീക്കവുമായി വീണ്ടും മോദി; കോടതിയില്‍ കഥ മാറുമോ? ആകാംക്ഷ

സംവരണം അന്‍പത് ശതമാനം വരെ മാത്രം പാടുള്ളൂവെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം. 1993ല്‍ ഇന്ദിരാ സാഹ്നി കേസിലാണ് ഒന്‍പതംഗ വിശാലബെഞ്ച് ചരിത്രവിധി പുറപ്പെടുവിച്ചത്. എന്നാല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരുന്നത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെളിയിച്ചാല്‍ സംവരണം നിലനില്‍ക്കുമെന്നും നിയമവിദഗ്ധര്‍ പറയുന്നു. നോട്ടുനിരോധനവും മിന്നലാക്രമണവും അടക്കമുള്ള അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് പിന്നാലെ അടുത്ത രാഷ്ട്രീയ വൃത്തങ്ങളെപ്പോലും അമ്പരപ്പിച്ചാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ സംവരണ നീക്കം വെളിച്ചത്തുവന്നത്. 

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സംവരണം അന്‍പത് ശതമാനത്തിലധികം പാടില്ലെന്നും ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. 2007ല്‍ നാഗ്‍രാജ് കേസിലും 2017ലെ ബി.കെ. പവിത്ര കേസിലും സുപ്രീംകോടതി ഈനിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഭരണഘടനയുടെ അടിസ്ഥാനരൂപം മാറ്റാന്‍ കഴിയില്ലെന്ന സന്ദേശമാണ് കോടതി നല്‍കിയത്. ഭരണഘടനാഭേദഗതിയെയാണ് ഇന്ദിരാ സാഹ്നി േകസില്‍ റദ്ദാക്കിയത് എന്നതും ശ്രദ്ധേയമാണ്. പത്തുശതമാനം സാമ്പത്തികസംവരണം കൊണ്ടുവരുന്ന ഭേദഗതി പാര്‍ലമെന്‍റ് പാസാക്കിയാലും ജുഡിഷ്യല്‍ പരിശോധനയ്ക്ക് വിധേയമാകുമെന്ന് തീര്‍ച്ച.

സംവരണഭേദഗതി പാസായാല്‍ സുപ്രീംകോടതി അത് സ്റ്റേ ചെയ്യാന്‍ സാധ്യത കുറവാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. തമിഴ്നാട് കൊണ്ടുവന്ന അറുപത്തിയൊന്‍പത് ശതമാനം സംവരണം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയാറായിരുന്നില്ല. കൃത്യമായ പഠനത്തിന്‍റെയും ഡേറ്റയുടെയും അടിസ്ഥാനത്തിലാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം കൊണ്ടുവന്നതെന്ന് കേന്ദ്രം തെളിയിച്ചാല്‍ കോടതിയില്‍ കഥമാറുമെന്നും നിയമവിദഗ്ധര്‍ വ്യക്തമാക്കി.