ബിജെപി ഐടി സെൽ വൈബ്സൈറ്റ് ഹാക്ക് ചെയ്തു; കള്ളപ്പണക്കണക്ക് പുറത്തുവിടുമെന്ന് ഭീഷണി

സ്വകാര്യതയിൽ കടന്നുകയറുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. സ്വകാര്യതയില്‍ കടന്നുകയറുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കിങെന്ന് ഹാക്കർമാർ പറയുന്നു. സ്വകാര്യത മൗലികാവകാശമാണെന്നും ബിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുമെന്നും പേജിൽ വന്ന കുറിപ്പിൽ സൂചിപ്പിക്കുന്നു.  ബി.ജെ.പിയുടെ കയ്യിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്നും ഹാക്കർമാർ വെല്ലുവിളിക്കുന്നുണ്ട്.  

രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഇൗ ഹാക്കിങ്. ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, നാര്‍കോട്ടിക് സെല്‍ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് അനുമതി നൽകിയിരിക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീകോടതി ഉത്തരവിനെതിരെയുള്ള ലംഘനമാണ്  ഇതെന്നും വാദമുയരന്നുണ്ട്. 

എന്നാൽ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് ഇതെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ ഏത് കംപ്യൂട്ടറിലെയും മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനോ പിടിച്ചെടുക്കാനോ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദമുണ്ടാകും.