വെടിക്കെട്ടുകൾക്ക് നിരോധനമില്ല; ഓണ്‍ലൈന്‍ വഴി പടക്ക വില്‍പന നിരോധിച്ചു

പടക്കങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത് സുപ്രീംകോടതി നിരോധിച്ചു.  എന്നാല്‍ രാജ്യമാകെ പടക്ക വില്‍പന പൂര്‍ണമായും നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി. ദീപാവലി ദിനത്തില്‍ രാത്രി എട്ടു മുതല്‍ പത്തുവരെയും ക്രിസ്മസ്, പുതുവല്‍സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും പടക്കങ്ങള്‍ പൊട്ടിക്കാനാണ് അനുമതി.

വായുമലിനീകരണം തടയാന്‍ പടക്ക നിര്‍മാണവും വില്‍പനയും രാജ്യമെങ്ങും പൂര്‍ണമായും തടയണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ െബഞ്ച് വിധി പറഞ്ഞത്. ലൈസന്‍സ് ഉള്ളവര്‍ മാത്രം പടക്കങ്ങള്‍ വില്‍ക്കാന്നുള്ളൂവെന്ന് സര്‍ക്കാരുകള്‍ ഉറപ്പാക്കണം. അനുവദനീയമായ അളവില്‍ പുകയും ശബ്ദവും ഉണ്ടാകുന്ന തരത്തിലുള്ളവ മാത്രം വില്‍ക്കണം. വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ക്ക് പടക്കമാകാം. ദീപാവലി ദിനത്തില്‍ രാത്രി എട്ടു മുതല്‍ പത്തുവരെ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാവൂ.

ക്രിസ്മസ്, പുതുവല്‍സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും പടക്കങ്ങള്‍ പൊട്ടിക്കാം. ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്ര ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങണം. പടക്ക നിര്‍മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമ്പൂര്‍ണ നിരോധനത്തിന് പകരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് പടക്ക നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു.