വരും വർഷങ്ങളിൽ ലോകം ചുട്ടുപൊള്ളും; ഇന്ത്യയിൽ കൊടും വരൾച്ചയെന്ന് റിപ്പോർട്ട്

പത്തുവര്‍ഷത്തിനുള്ളിൽ ലോകം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്. വരൾച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെ എന്നും വിവരം. 2015ലാണ് ഇന്ത്യ ഏറ്റവും കൂടുതൽ വരൾച്ച നേരിട്ടത്. അന്ന് 2,500–ഓളം പേരാണ് സൂര്യതാപവും ചൂടും മൂലം മരണമടഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിവരശേഖരണം നടത്തിയ ഇന്റർ ഗവൺമെന്റൽ പാനലിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. 

ആഗോള അന്തരീക്ഷ താപനില ശരാശരി 3 മുതൽ 4 ഡിഗ്രി വരെ വർദ്ധിച്ചാൽ പിന്നെ വലിയ ദുരന്തമാകും ലോകം നേരിടുക. ഏറ്റവും കൂടുതൽ കാർബൺ പുറപ്പെടുവിക്കുന്ന രാജ്യമെന്ന നിലിയിൽ ഇന്ത്യയെ ആകും ഇത് കൂടുതൽ ബാധിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.  പാനലിന്റെ റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ ഇതാണ്. ഇന്ത്യയിലും പാകിസ്ഥാനിലും അതികഠിനമായ ഉഷ്ണതരംഗങ്ങൾ ഉണ്ടാകും.മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ നിരക്ക് കൂടും. 350 മില്യൺ ജനങ്ങളുടെ ജീവൻ അപഹരിക്കാൻ ശേഷിയുള്ള വരൾച്ച ഉണ്ടാകും. രാജ്യത്തെ ദാരിദ്ര്യത്തിന്റെ തോത് വർദ്ധിക്കും.

നിലവിലെ രീതിയില്‍ മുന്നോട്ടു പോയാല്‍ ശരാശരി ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി 2030 ന് മുമ്പുതന്നെ മറികടക്കും. അതിനാല്‍ വരം വർഷങ്ങൾ നിര്‍ണായക കാലഘട്ടമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ ഉപദ്വീപില്‍ താപവാദത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുക കൊല്‍ക്കത്തയും പാക്കിസ്ഥാനിലെ കറാച്ചിയുമായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.