‘അന്നേ അച്ഛന്‍ പറഞ്ഞു; ഞാന്‍ രാഷ്ട്രീയക്കാരി ആകും’: പൂര്‍ണ വിഡിയോ

ചലച്ചിത്രതാരം വാണി വിശ്വനാഥ് ആന്ധ്രയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. നഗരി നിയോജക മണ്ഡലത്തില്‍ ജനവിധി തേടാനാണ് സാധ്യത. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് വാണി വിശ്വനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു.

ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ താരോദയമാവുകയാണ് വാണി. മലയാളിയായ താരം പക്ഷേ പയറ്റി തെളിയാന്‍ പോകുന്നത് ആന്ധ്രയുടെ രാഷ്ട്രീയ ഭൂമികയിലേക്കാണ്. ടിഡിപിയില്‍ ചേരാനാണ് ആഗ്രഹിക്കുന്നത്.  മലയാളം എനിക്ക് മാതാവാണെങ്കില്‍ ആന്ധ്ര എനിക്ക് ഗുരുവാണ്. ഒരുപാട് കടപ്പാടുള്ള നാടാണ്– അവര്‍ പറഞ്ഞു. ഡിസംബറോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരി ആകാനുള്ള മാനസിക തയ്യാറെടുപ്പിലാണിപ്പോള്‍. സംസ്ഥാന രാഷ്ട്രീയത്തിലാണ് താല്‍പര്യം. 

മകള്‍ രാഷ്ട്രീയക്കാരിയും മന്ത്രിയുമാകുമെന്ന് ജ്യോത്സ്യനായിരുന്ന അച്ഛന്‍ പ്രവചിച്ചിരുന്നല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയും വാണി നല്‍കി; അച്ഛന്‍ ഞാന്‍ നടിയാകുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞതെല്ലാം സത്യമാകുന്നു. ‌

ആന്ധ്രയിലെ പ്രതിപക്ഷമായ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്‍റെ താര മുഖം നടി റോജയാണ്. അതിനെതിരെയുള്ള തെലുങ്ക്ദേശം പാര്‍ട്ടിയുടെ  പ്രചാരണായുധം കൂടിയായിരിക്കും വാണി വിശ്വനാഥ്.