ആധാർ; പൗരന്‍റെ സ്വകാര്യതയെ ബാധിക്കുന്ന മൂന്ന് വകുപ്പുകള്‍ സുപ്രീംകോടതി റദ്ദാക്കി

ആധാറിന് ഭരണഘടന സാധുതയുണ്ടെന്ന് പറയുമ്പോഴും പൗരന്‍റെ സ്വകാര്യതയെ നേരിട്ട് ബാധിക്കുന്ന ആധാര്‍ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ സുപ്രീംകോടതി റദ്ദാക്കി. ഡേറ്റ സുരക്ഷിതമാക്കേണ്ടതിന്‍റെ ആവശ്യകത കോടതി ഉൗന്നിപ്പറഞ്ഞു. എന്നാല്‍, ആധാര്‍ ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിലപാടെടുത്തു. 

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ആധാര്‍ നിയമത്തിലെ 33(2), 47, 57 വകുപ്പുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. രാജ്യസുരക്ഷയുടെ പേരില്‍ പൗരന്‍റെ വിവരങ്ങള്‍ കൈമാറണമെന്നതാണ് 33(2) വകുപ്പ്.  ഇത് റദ്ദാക്കിയ സുപ്രീംകോടതി ആധാര്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണമെങ്കില്‍ ഇനി കോടതി അനുമതി അത്യാവശ്യമാണെന്ന് നിര്‍ദേശിച്ചു. ഏത് വ്യക്തിയുടെ വിവരമാണോ ആവശ്യം ആ വ്യക്തിയുടെ ഭാഗവും കോടതി ഇതിന് മുന്‍പ് കേള്‍ക്കണം. ഡേറ്റ ചോര്‍ച്ചയുണ്ടായാല്‍ യുണീക് െഎഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്ക് മാത്രമേ പരാതി നല്‍കാന്‍ കഴിയുവെന്നതാണ് നാല്‍പത്തിയേഴാം വകുപ്പ്. ഡേറ്റ ചോര്‍ച്ചയെക്കുറിച്ച് വ്യക്തികള്‍ക്കും പരാതി നല്‍കാമെന്നും സുപ്രീംകോടതി ഭേദഗതി വരുത്തി. സ്വകാര്യ ഏജന്‍സികള്‍ക്ക് ഡേറ്റ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കുന്ന അന്‍പത്തിയേഴാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ആധാര്‍ നിയമം പണ ബില്ലായാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. പണ ബില്ല് രാജ്യസഭയില്‍ പാസാക്കേണ്ടതില്ല. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഈ നീക്കത്തെ സുപ്രീംകോടതിയില്‍ പരാതിക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഭൂരിപക്ഷ വിധിയില്‍ പണ ബില്ലായി അവതരിപ്പിച്ചതിന് അംഗീകാരം നല്‍കിയിരുന്നു.