ഫ്രഞ്ച് മുൻ പ്രസിഡന്റ് നക്സലോ ജിഹാദിയോ? മോദി സർക്കാരിനെ പരിഹസിച്ച് സിദ്ധാർഥ്

റാഫേൽ കരാറിൽ കേന്ദ്രസർക്കാരിനെ ട്രോളി തമിഴ് നടൻ സിദ്ധാർഥ്. ഫ്രഞ്ച് മുൻ പ്രസിഡന്റ് അർബൻ നക്സലാണോ ജിഹാദിയാണോ വത്തിക്കാൻ ഫണ്ടിംഗ് ഉണ്ടോ എന്നെല്ലാം കേന്ദ്രം ഉടൻ അന്വേഷിച്ച് കണ്ടെത്തുമെന്നായിരുന്നു സിദ്ധാർഥിന്റെ പരിഹാസം. മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒലോൻഡിന്റെ പ്രസ്താവന കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സിദ്ധാർഥിന്റെ ട്വീറ്റ്. 

റാഫേൽ കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ പങ്കാളിയാക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു ഒലോൻഡിന്റെ പരാമർശം. ഇതേത്തുടർന്ന് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് നിലപാട് തിരുത്തി ഒലോൻഡ് രംഗത്തെത്തിയിരുന്നു. റിലയൻസിനായി ഇന്ത്യ സമ്മർദ്ദം ചെലുത്തിയോ എന്ന് അറിയില്ലെന്നും ഡാസോ കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തേണ്ടതെന്നും ഒലോൻഡ് പറഞ്ഞു.