ജവാന്‍റെ കഴുത്തറുത്ത സംഭവം; കൂടിക്കാഴ്ച്ച ഒഴിവാക്കി ഇന്ത്യ

ഇന്ത്യ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. പാക്കിസ്ഥാന്‍ അതിര്‍ത്തിരക്ഷാസേന ബിഎസ്എഫ് ജവാന്‍റെ കഴുത്തറുത്ത സംഭവമടക്കം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളാണ് ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചും പാക്കിസ്ഥാന്‍റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞും കടുത്ത ഭാഷയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 

കശ്മീരില്‍ സുരക്ഷാസേന കൊലപ്പെടുത്തിയ ഹിസ്ഹുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ സ്മരണാര്‍ഥം പാക്കിസ്ഥാന്‍ താപാല്‍ സ്റ്റാംപ് പുറത്തിറക്കിയതിലെ അതൃപ്തിയും ഇന്ത്യ പ്രകടിപ്പിച്ചു. പാക്കിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ തനിനിറം പുറത്തുവന്നുവെന്ന് വിദേശകാര്യ വക്താവ് രാവീഷ് കുമാര്‍ പറഞ്ഞു. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോര്‍ക്കില്‍ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്താനായിരുന്നു നീക്കം.