സർക്കാർ അനുവദിച്ചാൽ 35 രൂപയ്ക്ക് പതഞ്ജലി പെട്രോളും ഡീസലും നൽകാം; രാംദേവ്

റോക്കറ്റ് പോലെ കുതിക്കുന്ന  ഇന്ധനവില നിയന്ത്രിക്കാൻ നരേന്ദ്രമോദിയ്ക്ക് കഴിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പു നൽകിയതിനു തൊട്ടു പിന്നാലെ സർക്കാർ സമ്മതം നൽകുകയും നികുതിയിൽ ഇളവു വരുത്തുകയും ചെയ്താൽ  ഇപ്പോഴുള്ളതിന്‍റെ പകുതി വിലക്ക് പതഞ്ജലി പെട്രോളും ഡീസലും നൽകുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇന്നലെ നടന്ന എൻഡി ടിവി യൂത്ത് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ പെട്രോളും ഡീസലും ലിറ്ററിന്  35 മുതൽ 40 രൂപയാക്കി പതഞ്ജലി നൽകുമെന്ന് രാംദേവ് പറഞ്ഞു. പതഞ്ജലി കുറഞ്ഞ വിലക്ക് ഇന്ധനം നൽകുമോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയാണെന്നും രാം ദേവ് പ്രതികരിച്ചു. ഞാൻ എല്ലാ പാർട്ടികളൊടുമൊപ്പമാണ്, എന്നാൽ ഒരു പാർട്ടിയോടുമൊപ്പമല്ല. മോദിയെ വിമര്‍ശിക്കാൻ ജനങ്ങൾക്ക് അധികാരമുണ്ട്. വിലക്കയറ്റം സർക്കാരിനെ ഗുരുതരമായ രീതിയിൽ ബാധിക്കാൻ പോവുകയാണെന്നും രാംദേവ് പറഞ്ഞു.  പശുവിനെ മതപരമായ മൃഗമായി കാണുന്നതിനെയും രാംദേവ് എതിർത്തു. മോദിയെ വിമർശിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. പെട്രോൾ വില കുറച്ചില്ലെങ്കിൽ മോദി സർക്കാർ വരുന്ന തെരഞ്ഞെടുപ്പിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാംദേവ് ആരോപിച്ചു. അതേസമയം സർക്കാർ നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടില്ലെന്ന് പറയുന്നില്ലെന്നും ക്ലീന്‍ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്നും ബാബാ രാംദേവ് ചൂണ്ടിക്കാട്ടി. 

ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടു വരണമെന്നും രാംദേവ് പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ സാധ്യതയുള്ള വ്യക്തിയാണു രാംദേവ് എന്ന് ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു വലതുപക്ഷത്തിന്റെ പ്രധാന മുഖമായ രാംദേവ് പിന്തുണച്ചതിനാലാണ് 2014–ൽ നരേന്ദ്ര മോദിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞതെന്നും ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു. രാംദേവിന്റെ ചുവടുമാറ്റം ബിജെപിയെ വൻപ്രതിസന്ധിയിലേയ്ക്കാണ് തളളിവിട്ടിരിക്കുന്നത്. ഇന്ധനവില നിയന്ത്രിച്ചില്ലെങ്കിൽ മോദി സര്‍ക്കാരിന് അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല– രാംദേവ് തുറന്നടിച്ചു.