വായ്പാ തട്ടിപ്പ് നടത്തിയവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി; പക്ഷെ നടപടിയുണ്ടായില്ല

വൻകിട ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. മുതിർന്ന ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷി അധ്യക്ഷനായ പാർലമെന്റ് എസ്റ്റിമേറ്റ്സ് കമ്മിറ്റിക്ക് അയച്ച റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രഘുറാം രാജന്റെ റിപ്പോർട്ടിനെ കോ‍ൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയ ആയുധമാക്കി.

ബാങ്ക് വായ്പാ തട്ടിപ്പുകൾ നേരത്തെ റിപ്പോർട്ട് ചെയ്യുന്നതിനായി താൻ ഗവർണറായിരുന്നപ്പോ‍ൾ ഒരു സമിതിക്ക് രൂപീകരിച്ചെന്നും അതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ തട്ടിപ്പുകാരെക്കുറിച്ചുള്ള റിപ്പോർട്ട് നൽകിയതെന്നുമാണ് രഘുറാം രാജന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒന്നോ രണ്ടോ പേർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ലെന്നാണ് രഘുറാം രാജന്റെ റിപ്പോർട്ടിലുള്ളത്.2013 - 2016 കാലത്താണ് രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായിരുന്നത്. യു.പി.എ സർക്കാരിന്റെ അവസാന കാലത്തും മോദി സർക്കാരിന്റെ ആദ്യ രണ്ട് വർഷക്കാലത്തും രാജനായിരുന്നു ഗവർണർ. എന്നാൽ ഏത് സർക്കാരിന്റെ കാലത്താണ് ഇക്കാര്യം അറിയിച്ചതെന്ന് പാർലമെന്റ് എസ്റ്റിമേറ്റ്സ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നില്ല. അതേസമയം, രഘുറാം രാജന്റെ റിപ്പോർട്ടിനെ കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയ ആയുധമാക്കി. തട്ടിപ്പുകാരെക്കുറിച്ചുള്ള റിപ്പോർട്ട് കൈമാറിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഓഫീസും നടപടിയെടുത്തില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചോദിച്ചു. യു.പി.എ സർക്കാർ ഭരണം ഒഴിയുമ്പോ‍ൾ 2.83 ലക്ഷം കോടി രൂപയായിരുന്നു ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി. ഇന്നത് 12 ലക്ഷം കോടി രൂപയാണെന്നും സുർജേവാല ആരോപിച്ചു.  എന്നാൽ, യു.പി.എ സർക്കാർ കാലത്താണ് ബാങ്കുക‍‍‍ൾ മോശം വായ്പകൾ കൂടുതൽ അനുവദിച്ചതെന്നാണ് രാജന്റെ റിപ്പോർട്ടിലുള്ളതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ബാങ്കുകളുടെ അമിത ശുഭാപ്തി വിശ്വാസവും നടപടിയെടുക്കുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചകളുമാണ് നിഷ്ക്രിയ ആസ്തി പെരുകാൻ കാരണമെന്നും രഘുറാം രാജന്റെ വ്യക്തമാക്കി. കാർഷിക മേഖലയ്‌ക്ക് ശ്രദ്ധ ആവശ്യമാണെങ്കിലും വായ്പ എഴുതിത്തള്ളുന്ന രീതി സർക്കാരുക‍ൾക്ക് ഗുണം ചെയ്യില്ലെന്നും റിപ്പോർട്ടിലുണ്ട്.