ഏകാധിപതികൾ തകരുക തന്നെ ചെയ്യും; പോരാടാൻ ഉറച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യ

‘ഏകാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഒരുസമയത്ത് അവര്‍ അജയ്യരാണെന്ന് തോന്നും. പക്ഷേ അവസാനം അവര്‍ തകരുക തന്നെ ചെയ്യും.’ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്ന  മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. 

പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ പൊലീസിനെയും ജുഡീഷ്യറിയേയും കൂട്ടുപിടിച്ച് സർക്കാർ അദ്ദേഹത്തോട് പകപോക്കുകയാണെന്ന് ശ്വേത ഭട്ട് ആരോപിക്കുന്നു.  ഫെയ്സ്ബുക്കിലൂടെയായിരുന്നു ശ്വേതയുടെ ആരോപണം. 

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കനത്ത പോരാട്ടമാണിത്. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും എന്നെത്തേക്കാളും ആവശ്യമുള്ളത് ഇപ്പോഴാണ്. എങ്കിൽ മാത്രമേ അദ്ദേഹത്തെ ജയിൽ മോചിതമാക്കാൻ കഴിയൂ.

സഞ്ജീവ് ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയുടെ പ്രശസ്തമായ വചനം ഉദ്ധരിക്കുമായിരുന്നെന്ന് പറഞ്ഞുകൊണ്ട് ശ്വേത കുറിച്ചു- ‘ നിരാശതോന്നുമ്പോള്‍ ഞാന്‍ ആ ചരിത്രത്തിലൂടെ ഏതു രീതിയിലാണ് സത്യവും സ്‌നേഹവും എല്ലായ്‌പ്പോഴും വിജയം നേടിയതെന്ന് ചിന്തിക്കും. ഏകാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഒരുസമയത്ത് അവര്‍ അജയ്യരാണെന്ന് തോന്നും. പക്ഷേ അവസാനം അവര്‍ തകരുക തന്നെ ചെയ്യും.’ ശ്വേത കുറിച്ചു.

ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയെന്ന് കാട്ടിയാണ് സഞ്ജീവ് ഭട്ട് അറസ്റ്റ് ചെയ്തത്. 2002ലെ ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയത് സഞ്ജീവ് ഭട്ട് ആയിരുന്നു.

രാജസ്ഥാൻകാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസിൽ കുടുക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പരാതി. ബനസ്കന്ദയിൽ ഡിസിപിയായിരുന്ന സമയത്ത് 1998ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. ഔദ്യോഗികസ്ഥാനം ദുരുപയോഗംചെയ്ത് ക്രിമിനൽകേസ് ചമച്ചകേസിൽ, ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്ന് ഗുജറാത്ത് സിഐഡി അറിയിച്ചു. 

പിന്നാലെയാണ്, സഞ്ജിവ് ഭട്ടിനെ അറസ്റ്റുചെയ്തതായി പൊലീസ് വൃത്തങ്ങൾ സൂചന നൽകിയത്. ഈകേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് ആറുപേർകൂടിപ്രതികളാണ്. ഇവരേയും ചോദ്യംചെയ്തുവരുന്നു.

2002ലെ ഗുജറാത്ത്കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നതരത്തിൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയത് ഭട്ടായിരുന്നു. മോദി സർക്കാരിനെതിരെ കടുത്തവിമർശനം ഉന്നയിക്കുന്ന വ്യക്തികൂടിയായ അദ്ദേഹത്തെ, 2015ൽ പൊലീസ് സേനയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ അനുയായികളുള്ള ഭട്ട് നിരന്തരം ബിജെപി കേന്ദ്രങ്ങളെ വിമര്‍ശിക്കുന്നയാളാണ്.