ജീവിതം അവസാനിപ്പിക്കാൻ ഗൂഗിളിൽ വഴികൾ തിരഞ്ഞു; യുവ ഐപിഎസുകാരന് സംഭവിച്ചത്

വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഉത്തർപ്രദേശിലെ യുവ ഐപിഎസ് ഓഫീസർ മരിക്കാൻ വഴികൾ തിരഞ്ഞത് ഗൂഗിളിൽ. 

വിഷാദത്തിന് അടിമയായിരുന്നു സുരേന്ദ്ര കുമാർ എന്നു തെളിയിക്കുന്നതാണ് പോലീസും സൈബർ വിദഗ്ധരും കണ്ടെത്തിയ തെളിവുകൾ. സുരേന്ദ്രകുമാറിൻറെ ലാപ്ടോപ്, മൊബൈൽ എന്നിവയുടെ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ചാണു പൊലീസ് ഈ നിഗമനനത്തിലേക്ക് എത്തിയത്. 

വിഷത്തിന്റെ ഉപയോഗം, കത്തി കൊണ്ടുള്ള ആത്മഹത്യ തുടങ്ങിയവയുടെ വിഡിയോകൾ ഇദ്ദേഹം സ്ഥിരമായി കണ്ടിരുന്നു എന്നാണ് കണ്ടെത്തൽ. അദ്ദേഹത്തിന്റെ മനോനില ശരിയായിരുന്നില്ലെന്നും ആത്മഹത്യയെക്കുറിച്ച് നിരന്തരകം ആലോചിച്ചിരുന്നെന്നും ‌പൊലീസ് പറയുന്നു. 

സുരേന്ദ്ര കുമാറും ഭാര്യയും തമ്മിൽ ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ വീട്ടുജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

ബുധനാഴ്ച രാവിലെയാണ് ഓഫിസറെ വിഷംകഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. മുപ്പതുകാരനായ സുരേന്ദ്ര കുമാർ ദാസിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ പറയുന്നു. 

ഓഗസ്റ്റ് ഒൻപതിനാണ് കാൻപുർ ഈസ്റ്റ് എസ്പിയായി സുരേന്ദ്ര കുമാർ നിയമിക്കപ്പെട്ടത്. ജോലിയിലുള്ള സമ്മർദമാണോ ആത്മഹത്യാശ്രമത്തിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.